കരിയറിൽ മികച്ച ചിത്രങ്ങളുമായി മുന്നേറുകയാണ് നടി രശ്മിക മന്ദാന ഇപ്പോൾ. രശ്മിക അഭിനയിച്ച പുഷ്പ, സീതാരാമം, ഗുഡ് ബൈ എന്നിവയെല്ലാം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചതോടെ ‘നാഷണൽ ക്രഷ്’ എന്നാണ് രശ്മിക ആരാധകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഏതാനും ആഴ്ചകളായി തന്നെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളോ ആഴ്‌ചകളോ മാസങ്ങളോ ഒരുപക്ഷേ വർഷങ്ങളോ ആയി ചില കാര്യങ്ങൾ എന്നെ അലട്ടുന്നു, അതിനെ അഭിസംബോധന ചെയ്യാൻ സമയമായി എന്നു ഞാൻ കരുതുന്നു. ഞാൻ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത് – വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്യേണ്ട കാര്യമായിരുന്നു ഇത്.
“ഞാൻ എന്റെ കരിയർ ആരംഭിച്ചതുമുതൽ ഒരുപാട് വെറുപ്പും ഏറ്റുവാങ്ങുന്നുണ്ട്. ധാരാളം ട്രോളുകൾക്കും നെഗറ്റിവിറ്റിയും അക്ഷരാർത്ഥത്തിൽ ഏറ്റുവാങ്ങുന്ന ഒരു പഞ്ചിംഗ് ബാഗ് പോലെ തോന്നുന്നു. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന് ഒരു വില നൽകേണ്ടതുണ്ടെന്ന് എനിക്കറിയാം – ഞാൻ എല്ലാവരുടെയും ‘കപ്പിലെ ചായ’ അല്ലെന്നും എല്ലാവരാലും സ്നേഹിക്കപ്പെടാൻ എനിക്കാവില്ലെന്നും ഞാൻ മനസ്സിലാക്കുന്നു. അതിനർത്ഥം നിങ്ങൾ എന്നെ അംഗീകരിക്കാത്തതിനാൽ പകരം നിങ്ങൾക്ക് നെഗറ്റിവിറ്റി എനിക്കെതിരെ എറിയാമെന്നല്ല. “
“നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ ഓരോ ദിവസവും ചെയ്യുന്ന ജോലി എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാൻ ചെയ്ത ജോലിയിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന സന്തോഷത്തിനാണ് ഞാൻ ശ്രദ്ധ നൽകുന്നത്. നിങ്ങൾക്കും എനിക്കും അഭിമാനിക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. എന്നാൽ ചിലതൊക്കെ എന്റെ ഹൃദയം തകർക്കുകയും സത്യസന്ധമായി പറഞ്ഞാൽ നിരാശപ്പെടുത്തുകയും ചെയ്യുന്നു, പ്രത്യേകിച്ചും ഞാൻ പറയാത്ത കാര്യങ്ങളുടെ പേരിൽ ഇന്റർനെറ്റ് എന്നെ പരിഹസിക്കുകയും ട്രോൾ ചെയ്യുകയും ചെയ്യുമ്പോൾ.”
“അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്കെതിരെ തിരിയുന്നതായി ഞാൻ കണ്ടെത്തി. ഇൻറർനെറ്റിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങൾ എനിക്കും വ്യവസായത്തിനകത്തോ പുറത്തോ ഉള്ള എന്റെ ബന്ധങ്ങൾക്കും വളരെ ദോഷം ചെയ്യും. സൃഷ്ടിപരമായ വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു, കാരണം അതെന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കൂ. എന്നാൽ മോശമായ നെഗറ്റിവിറ്റിയും വിദ്വേഷവും എന്തിനാണ്? വളരെക്കാലമായി ഞാനതിനെ അവഗണിക്കുകയാണ്, എന്നാൽ അത് കൂടുതൽകൂടുതൽ വഷളായിരിക്കുന്നു. ഈ കാര്യത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ, ഞാൻ ആരെയും തോൽപ്പിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ എനിക്ക് ലഭിക്കുന്ന ഈ വെറുപ്പിനാൽ ഇനിയും ഒരു മനുഷ്യനെന്ന നിലയിൽ മാറാൻ നിർബന്ധിതനാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹവും ഞാൻ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിച്ചതും പുറത്തുവരാനും ഇത് പറയാനും എനിക്ക് ധൈര്യം നൽകിയതും.”
“ഞാൻ കഠിനാധ്വാനം ചെയ്യുകയും നിങ്ങൾക്കായി കൂടുതൽ നന്നായി പ്രവർത്തിക്കുകയും ചെയ്യും. കാരണം ഞാൻ പറഞ്ഞതുപോലെ, നിങ്ങളെ സന്തോഷിപ്പിക്കുകയെന്നത് എന്നെയും സന്തോഷിപ്പിക്കുന്നു. എല്ലാവരോടും ദയ കാണിക്കുക. ഞങ്ങൾ എല്ലാവരും ഞങ്ങളുടെ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. നന്ദി,” രശ്മിക കുറിച്ചു.
നടൻ ദുൽഖർ സൽമാൻ അടക്കം നിരവധി പേർ രശ്മികയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. “നിങ്ങളെപ്പോലെയാകാൻ ആഗ്രഹിക്കുന്നവരിൽ നിന്നാണ് സ്നേഹം. ഒരിക്കലും സാധിക്കാത്തവരിൽ നിന്നാണ് വെറുപ്പ്. നിങ്ങൾ നിങ്ങളായിരിക്കുക! നിങ്ങൾ അത്ഭുതകരമാണ്!,” ദുൽഖർ കുറിച്ചു.
“നിങ്ങളെ അറിയാത്ത ആളുകൾ നിങ്ങളെ വെറുക്കുമ്പോൾ വിഷമിക്കേണ്ട, നിങ്ങളെ അറിയുന്ന ആളുകൾ ഒരിക്കലും നിങ്ങളെ വെറുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശക്തയായി മുന്നോട്ടുപോവൂ, പോസിറ്റിവിറ്റി പ്രചരിപ്പിക്കൂ,” സംവിധായകൻ വെങ്കി കുഡുമുല കുറിച്ചു.
അടുത്തിടെയായിരുന്നു രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡ് ചിത്രമായ ഗുഡ്‌ബൈയിൽ അമിതാഭ് ബച്ചനൊപ്പമാണ് രശ്മിക അഭിനയിച്ചത്. പുഷ്പ: ദി റൂൾ, രൺബീർ കപൂറിനൊപ്പം അനിമൽ, വിജയ്‌യ്‌ക്കൊപ്പം വാരിസു എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന രശ്മിക ചിത്രങ്ങൾ.