ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമാ പ്രേമികളുടെ തന്നെ പ്രിയപ്പെട്ട താര ജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 14, 15 തീയതികളിലാണ് ഇറ്റലിയില്‍ വച്ച് ഇരുവരും വിവാഹിതരായത്. അതിനു ശേഷമുള്ള താരങ്ങളുടെ ഓരോ വാര്‍ത്തകള്‍ക്കും അത്യധികം ആകാംക്ഷയോടുകൂടിയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.

Read More: ഏറ്റവും അടുപ്പമുള്ള നാല്പതോളം പേര്‍ മാത്രമാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്: ദീപികാ പദുകോണ്‍

ഇരുവരും ഒന്നിച്ചഭിനയിച്ച, സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ എന്ന ചിത്രത്തിലെ പ്രകടനത്തിന്, ഈ വര്‍ഷത്തെ സ്റ്റാര്‍ സ്‌ക്രീന്‍ പുരസ്‌കാരം രണ്‍വീറിന് ലഭിച്ചിരുന്നു. ചിത്രത്തില്‍ അലാവുദീന്‍ ഖില്‍ജി എന്ന വില്ലന്‍ കഥാപാത്രമായാണ് ചിത്രത്തില്‍ രണ്‍വീര്‍ പ്രത്യക്ഷപ്പെട്ടത്. രണ്‍വീറിന്റെ പ്രകടനത്തിന് നിരവധി പ്രശംസകളും ലഭിച്ചിരുന്നു.

View this post on Instagram

Beauty in black #deepikapadukone #deepveer @deepikapadukone

A post shared by Deepikapadukone (@deepikapadukone.indian) on

പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് രണ്‍വീര്‍ പറഞ്ഞ വാക്കുകള്‍ ആരുടേയും മനം കവരുന്നതാണ്. തന്റെ പ്രിയതമന്‍ അംഗീകരിക്കപ്പെടുന്നത് കാണാന്‍ സദസില്‍ ദീപികയും ഉണ്ടായിരുന്നു. എന്നാല്‍ രണ്‍വീറിന്റെ വാക്കുകള്‍ ദീപികയുടെ കണ്ണുനിറച്ചു. സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ് ദീപിക കരഞ്ഞത്.

‘സിനിമയില്‍ എനിക്ക് റാണിയെ കിട്ടിയില്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കെന്റെ രാജ്ഞിയെ ലഭിച്ചു. ബേബി, ഐ ലവ് യൂ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഞാന്‍ എന്തൊക്കെ നേടിയോ, അതെല്ലാം നീ തന്ന പിന്തുണകൊണ്ടാണ്. എല്ലാത്തിനും നന്ദി. ഐ ലവ് യൂ,’ രണ്‍വീറിന്റെ ഈ വാക്കുകളാണ് ദീപികയുടെ കണ്ണുകളെ ഈറനണിയിച്ചത്. രണ്‍വീര്‍ പറഞ്ഞു തീര്‍ന്നതും വേദിയിലും സദസിലും കൈയ്യടികളുടെ ആരവമായിരുന്നു.

ഏറ്റവും അടുപ്പമുള്ള നാല്പതോളം പേര്‍ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു ഇരുവരുടേയും വിവാഹം. ഇറ്റലിയിലെ ലേക് കൊമോ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. നവംബര്‍ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബര്‍ 15 ന് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലുമാണ് താരങ്ങള്‍ വിവാഹിതരായത്. ദീപികയുടെ ആഗ്രഹപ്രകാരമാണ് ലേക്ക് കൊമോയില്‍ വച്ച് വിവാഹിതരായതെന്നും വിവാഹത്തെ കുറിച്ച് ദീപികയ്ക്കുള്ള കാഴ്ചപ്പാടുകള്‍ സഫലമാക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും ദീപികയുടെ സന്തോഷത്തിലാണ് തന്റെ സന്തോഷമിരിക്കുന്നതെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ രണ്‍വീര്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook