ദീപിക പദുക്കോണിന്റെ മാതൃഭാഷയായ കൊങ്കണി പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മക്കൾ ജനിക്കും മുൻപ് കൊങ്കണി പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ബോളിവുഡ് താരം രൺവീർ സിംഗ്.
കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഒരു എൻആർഐ കൺവെൻഷനിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു രൺവീർ ഇക്കാര്യം പറഞ്ഞത്. കൊങ്കണി സമുദായത്തിൽ നിന്നുള്ളവർ ആതിഥ്യം വഹിച്ച കൺവെൻഷനിടെയാണ് രൺവീറിന്റെ രസകരമായ പ്രസ്താവന.
“എനിക്ക് കൊങ്കണി കേട്ടാൽ മനസ്സിലാവുന്നിടത്ത് കാര്യങ്ങൾ എത്തിയിട്ടുണ്ട്. പക്ഷേ ഞാൻ കൊങ്കണി പഠിക്കാൻ ആഗ്രഹിക്കുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്, ഭാവിയിൽ ഞങ്ങൾക്ക് കുട്ടികളുണ്ടാകുമ്പോൾ അവരുടെ അമ്മ അവരോട് കൊങ്കണിയിൽ എന്നെകുറിച്ച് സംസാരിക്കുമ്പോൾ അതു മനസ്സിലാകാതെയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” രൺവീർ പറയുന്നു.
ദീപികയ്ക്കും രൺവീറിനും ഒപ്പം ദീപികയുടെ മാതാപിതാക്കളായ പ്രകാശും ഉജ്ജലയും സഹോദരി അനീഷയും ഉണ്ടായിരുന്നു. ഇവർ ശങ്കർ മഹാദേവന്റെ കച്ചേരിയിലും ഒന്നിച്ച് പങ്കെടുത്തു.

ജയേഷ്ഭായ് ജോർദാറിലാണ് രൺവീർ അവസാനമായി അഭിനയിച്ചത്. രോഹിത് ഷെട്ടിയുടെ സർക്കസ്, കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവ രൺവീറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്. അടുത്തിടെ നടന്ന കാൻ ചലച്ചിത്രമേളയിൽ ജൂറി അംഗമായിരുന്നു ദീപിക. ശകുൻ ബത്രയുടെ ഗെഹ്റൈയാനിലാണ് അവസാനമായി ദീപിക അഭിനയിച്ചത്. പത്താൻ, ഫൈറ്റർ, പ്രൊജക്റ്റ് കെ, ദി ഇന്റേണിന്റെ ഹിന്ദി പതിപ്പ് എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.