ബോളിവുഡിൽ എല്ലാവർക്കും പ്രിയങ്കരനായ നടനാണ് രൺവീർ സിങ്. തമാശക്കാരനായ രൺവീറിനെയാണ് സിനിമാ സുഹൃത്തുക്കൾക്കും ആരാധകർക്കും അറിയാവുന്നത്. പക്ഷേ രൺവീറിന് തമാശക്കാരനല്ലാത്ത മറ്റൊരു മുഖം കൂടിയുണ്ട്. ഭാര്യ ദീപിക പദുക്കോണിന് ഇതറിയാമെന്ന് വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ രൺവീർ വെളിപ്പെടുത്തി.
Read Also: രാജകീയമായി രൺവീർ-ദീപിക വിവാഹം, ചിത്രങ്ങൾ
ഗൗരവക്കാരനായ വ്യക്തിയാണ് താനെന്നും ലോകത്തിനു മുന്നിൽ താനത് മറയ്ക്കുന്നത് എന്തിനാണെന്നത് ദീപിക ചോദിച്ചിട്ടുണ്ടെന്നും രൺവീർ അഭിമുഖത്തിൽ പറഞ്ഞു. ”വളരെ ശക്തയായ സ്ത്രീയാണ് എന്നെ വളർത്തിയത്. എന്റെ ആത്മാവ് സ്ത്രൈണമാണ്. ഗൗരവക്കാരനായ ഒരു വ്യക്തിയാവാനും എനിക്കാവുമെന്ന് അറിയാം. വളരെ സീരിയസായ ഒരു വ്യക്തി. കുറച്ചു നാളുകൾക്കു മുൻപ് എന്റെ ഭാര്യ ഞാനെന്തിനാണ് ഈ മുഖം ലോകത്തിനുമുന്നിൽനിന്നും മറച്ചുപിടിക്കുന്നതെന്നു ചോദിച്ചു. അവളുടെ ചോദ്യത്തിന് അന്നെനിക്ക് ഉത്തരമില്ലായിരുന്നു.”
കോമാളിയാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നുവെന്നും രൺവീർ സിങ് അഭിമുഖത്തിൽ പറഞ്ഞു. അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. മന്ദബുദ്ധിയും കോമാളിയുമൊക്കെയാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് എന്നെത്തന്നെ നോക്കി ചിരിക്കാനാവുമെന്നും രൺവീർ പറഞ്ഞു. അവാർഡ് വേദികളിലും പൊതുപരിപാടികളിലും മറ്റാർക്കും ചിന്തിക്കാൻ പോലുമാകാത്ത വസ്ത്രങ്ങൾ ധരിച്ചാണ് രൺവീർ എത്താറുളളത്.
കോമാളി ലുക്കെന്ന് ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ കമന്റ് എത്താറുമുണ്ട്.
രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ചപ്പാക്ക്’ ചിത്രമാണ് ദീപികയുടേതായി ഉടൻ പുറത്തിറങ്ങുക. സിനിമയിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്വാള് എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.