സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമയിലെ കഥാപാത്രത്തിന് രൺവീർ സിങ്ങിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ബോക്സോഫീസിൽ സിനിമ ഇതിനോടകം 250 കോടി നേടിക്കഴിഞ്ഞു. 200 കോടിയും കഴിഞ്ഞ് 300 കോടി ക്ലബ്ബിലേക്കാണ് ചിത്രം കുതിക്കുന്നത്.

പത്മാവത് സിനിമയ്ക്കുശേഷം ഗല്ലി ബോയ് എന്ന സിനിമയിലാണ് രൺവീർ ഇപ്പോൾ അഭിനയിക്കുന്നത്. സോയ അക്തർ സംവിധാനം ചെയ്യുന്ന സിനിമയിൽ രൺവീറിന്റെ നായിക ആലിയ ഭട്ടാണ്.

അടുത്തിടെ രൺവീറിനെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഒരു സംഘം സമീപിച്ചിരുന്നു. 30 മിനിറ്റ് നേരം വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് 2 കോടിയാണ് സംഘാടകർ താരത്തിന് ഓഫർ ചെയ്തത്. എന്നാൽ രൺവീർ ഈ വാഗ്‌ദാനം നിരസിക്കുകയാണ് ചെയ്തത്.

രൺവീർ ഓഫർ നിരസിച്ചത് ഗല്ലി ബോയ്‌യുടെ ഷൂട്ടിങ്ങിനെ ബാധിക്കുമെന്നതിനാലാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ ഡിഎൻഎ വെബ്സൈറ്റിനോട് വെളിപ്പെടുത്തി. എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 6 വരെ ഗല്ലി ബോയ്‌യുടെ ഷൂട്ടിങ് ഉണ്ട്. മറ്റൊരു നഗരത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുത്ത് അതേ ദിവസം തിരികെ ഷൂട്ടിങ് സെറ്റിൽ എത്തുന്നത് ഷൂട്ടിങ്ങിനെ ബാധിക്കും. പണത്തെക്കാൾ തന്റെ അഭിനയത്തിന് പ്രാധാന്യം നൽകിയതുകൊണ്ടാണ് രൺവീർ ഈ ഓഫർ നിരസിച്ചതെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

അതേസമയം, പത്മാവത് സിനിമയുടെ വിജയത്തിനുശേഷം രൺവീർ തന്റെ പ്രതിഫലം ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്. 13 കോടിയാണ് രൺവീർ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം എന്നാണ് വിവരം. രൺവീറിന്റെ കാമുകി ദീപിക പദുക്കോണിന്റെ പ്രതിഫലവും 13 കോടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ