വിവാദ ചിത്രമായ ‘പത്മാവത്’ റിലീസ് ചെയ്തു മാസങ്ങള്‍ കഴിഞ്ഞ് അതിന്‍റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദീപിക പദുക്കോണ്‍ നായികയായ റാണി പത്മാവതിയെ ചുറ്റിപറ്റിയാണ് ചിത്രത്തിന്‍റെ കഥയെങ്കിലും ചിത്രം കണ്ടിറങ്ങിയവരുടെ മനസില്‍ പതിഞ്ഞത് രണ്‍വീര്‍ സിങ്ങിന്‍റെ അലാവുദ്ദീന്‍ ഖില്‍ജിയാണ്. ചോക്ലേറ്റ് ബോയില്‍ നിന്നും കണ്ടാല്‍ പേടിയാകുന്ന ഖില്‍ജിയായി രണ്‍വീര്‍ പരിണമിക്കുന്ന വീഡിയോ കാണാം.
ജപുത്ര രാജ്ഞിയായ പത്മാവതി മുഗള്‍ രാജാവായ അലാവുദ്ദീന്‍ ഖില്‍ജി എന്നിവര്‍ തമ്മില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന സീനുകള്‍, അതും ചരിത്ര വിരുദ്ധമായവ, ചിത്രത്തില്‍ ഉണ്ട് എന്ന് കാണിച്ചാണ് കർണിസേനയുള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനെതിരെ പടവാളോങ്ങി നിന്നത്. വിയകോം 18 നിര്‍മ്മിച്ച് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ‘പത്മാവതി’ എന്ന് പേരിട്ടിരുന്ന ‘പത്മാവത്’.
ചിത്രത്തിൽ ദീപിക പദുക്കോൺ അവതരിപ്പിക്കുന്ന രാജ്ഞിയുടെ കഥാപാത്രം വളച്ചൊടിക്കപ്പെട്ടതാണെന്ന രജപുത്ര കർണി സേനയുടെ ആരോപണം പ്രതിഷേധമായി വിവിധ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും മത സംഘടനകളും പ്രതിഷേധത്തിൽ അണിചേർന്നു. രജപുത്ര സംസ്കാരത്തെ താറടിച്ചു കാണിക്കുന്നതാണ് ചിത്രമെന്ന് ആരോപണമുയർന്നു.
വിവാദങ്ങൾക്കും ഭീക്ഷണികൾക്കും ഒടുവിൽ ഒരു സംഘം ചരിത്രകാരന്മാരുടെ മുൻപിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. 5 ഭേദഗതികളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകി. അതിൽ നിർദേശിക്കപ്പെട്ട ഒരു മാറ്റത്തെ തുടർന്നാണ് ‘പത്മാവതി’ എന്ന മുൻ പേര് മാറ്റി ചിത്രം ‘പത്മാവത്’ ആയത്. മാലിക് മുഹമ്മദ് ജയസിയുടെ ‘പത്മാവത്’ എന്ന രചനയാണ് സഞ്ജയ് ലീല ബൻസാലിയുടെ ഈ ചിത്രത്തിനാധാരം.
സെൻസർ ബോർഡ് ‘യു എ’ സർട്ടിഫിക്കറ്റ് നൽകി ചിത്രത്തിന് അനുമതി നൽകിയിരുന്നു. സതി എന്ന ദുരാചാരത്തെ പ്രോത്സാഹിപ്പിക്കുകയോ, പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്നു എഴുതി കാണിക്കുകയും വേണമെന്ന് ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി നിര്‍മ്മാതാക്കളോടു ആവശ്യപ്പെട്ടിരുന്നു.