വിരാട് കോഹ്ലി-അനുഷ്‌ക ശർമ്മ വിവാഹത്തിനു ശേഷം ആരാധകര്‍ എറ്റവുമധികം കാത്തിരിക്കുന്ന താരവിവാഹമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും. തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ താരങ്ങള്‍ ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ഇന്നു വിവാഹിതരാകും, നാളെ വിവാഹിതരാകും എന്നു പറഞ്ഞ് ആരാധകരും മാധ്യമങ്ങളും കാത്തിരിക്കുകയാണ്. ഒടുവില്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കഥാനായകന്‍ രണ്‍വീര്‍ തന്നെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസു തുറക്കുകയാണ് ആദ്യമായി.

‘നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മാത്രമാണ്. ഔദ്യോഗികമായി ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ ഇന്ന ദിവസം വിവാഹം നടക്കുമെന്ന് പറയാന്‍ ഞാനൊരു പ്രവാചകനൊന്നുമല്ല. തത്കാലം ഞങ്ങള്‍ പേരും ഞങ്ങളുടെ കരിയറില്‍ അങ്ങേയറ്റം തിരക്കിലാണ്. കൂടാതെ, നടുവേദനയില്‍ നിന്നും മറ്റും ദീപിക ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നേയുളളൂ. ഞങ്ങള്‍ ഓരോരോ കാര്യങ്ങളായി തിരക്കിലാണ്. ഭാവിയില്‍ ഇനി എന്തെങ്കിലും പ്രഖ്യാപനങ്ങളുണ്ടാവുകയാണെങ്കില്‍ വീടിനു മുകളില്‍ കയറി നിന്ന് ഞാന്‍ വിളിച്ചു കൂവുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം’-രണ്‍വീര്‍ പറഞ്ഞതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും പുറകെ സ്വിറ്റ്‌സര്‍ലാന്റില്‍ വച്ച് രണ്‍വീറും ദീപികയും വിവാഹിതരാകുന്നുവെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് റണ്‍വീര്‍ സിങിന്റേയും ദീപിക പദുക്കോണിന്റേയും. ഓണ്‍സ്‌ക്രീനാകട്ടെ, ഓഫ് സ്‌ക്രീനാകട്ടെ ഗംഭീര കെമിസ്ട്രിയാണ് ഇരുവര്‍ക്കുമിടയിലെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു.

ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായാണ് ദീപിക തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. രണ്‍വീറാകട്ടെ ബന്ദ് ബജാ ബറാതില്‍ അനുഷ്‌കയ്ക്കൊപ്പവും. ഇരുവര്‍ക്കും വിജയത്തിന്റെ സ്വന്തമായ കരിയര്‍ ഗ്രാഫ് തന്നെയാണ് ഉള്ളത്. പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ രാം-ലീലയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ബന്‍സാലിയുടെ തന്നെ ‘പത്മാവത്’ എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു.

രാം-ലീല മുതലാണ് ഇരുവരേയും പാര്‍ട്ടികളിലും പൊതുപരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ഒരുമിച്ച് കണ്ടു തുടങ്ങിയത്. ബി ടൗണില്‍ ഇരുവരും സംസാരവിഷയമായതും അവിടംതൊട്ടു തന്നെ. ആ സ്നേഹം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ