ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും പുതിയ അയൽക്കാർ. മുംബൈ ബാന്ദ്രയിൽ ഷാരൂഖ് ഖാന്റെ മന്നത്തിനും സൽമാന്റെ ഗാലക്സി അപ്പാർട്ട്മെന്റിനും അടുത്തായി രൺവീർ സിംഗും ദീപിക പദുകോണും പുതിയ ക്വാഡ്രപ്ലെക്സ് (quadruplex) അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രൺവീറും പിതാവ് ജുഗ്ജീത് സുന്ദർസിംഗ് ഭവാനിയും ചേർന്ന് ഏകദേശം 119 കോടി രൂപയുടെ (118.94 കോടി രൂപ) ആഡംബര ക്വാഡ്രപ്ലെക്സ് അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തിട്ടുണ്ട്. രൺബീറിന്റെ മീഡിയ കമ്പനിയുടെ (Oh Five Oh Media Works LLP) പേരിലാണ് പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന സാഗർ റേഷം എന്ന കെട്ടിടത്തിന്റെ 16, 17, 18, 19 നിലകളിലായാണ് രൺബീറിന്റെയും ദീപികയുടെയും ഈ പ്രോപ്പർട്ടി.
11,266 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്സ്ക്ലൂസീവ് ടെറസും രൺവീറിന്റെ ഈ അപ്പാർട്ട്മെന്റിന് ഉണ്ട്. 19 പാർക്കിംഗ് സ്ലോട്ടുകളും ഇവിടെയുണ്ട്. സ്ഥലമിടപാടിനായി രൺവീറും പിതാവും 7.13 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്.
‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രൺവീർ ഇപ്പോൾ. ആലിയ ഭട്ട്, ധർമ്മേന്ദ്ര, ശബാന ആസ്മി, ജയ ബച്ചൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. രോഹിത് ഷെട്ടിയുടെ സർകസ് ആണ് രൺവീറിന്റെ മറ്റൊരു പ്രൊജക്റ്റ്, പൂജാ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.