മുൻ കാമുകിയെ കണ്ടാൽ കാമുകൻ എന്തായിരിക്കും ചെയ്യുക? ചോദ്യം രൺവീർ സിങ്ങിനോടാണെങ്കിൽ സ്നേഹത്തോടെ കെട്ടിപ്പിടിക്കും എന്നായിരിക്കും. ബോളിവുഡ് നടന്മാരിൽ എന്തിനെയും തമാശയോടെ കാണുന്ന നടനാണ് രൺവീർ സിങ്. തന്റെ മുൻ കാമുകി അനുഷ്ക ശർമയെ കണ്ടപ്പോഴും രൺവീർ സിങ് വളരെ കൂളായിരുന്നു. ജിക്യൂ അവാർഡ് നിശയിലായിരുന്നു മുൻ പ്രണയിതാക്കൾ തമ്മിൽ കണ്ടുമുട്ടിയത്.

ചടങ്ങിൽ അനുഷ്കയെ കണ്ടതോടെ രൺവീർ അടുത്തെത്തി സ്നേഹ സംഭാഷണം നടത്തി. അനുഷ്കയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു. രൺവീറിന്റെ ഈ പ്രവൃത്തി കണ്ട ആരാധകർ പറയുന്നത് പ്രണയം തകർന്നാലും നല്ല സുഹൃത്തുക്കളാകാം എന്ന് ഇരുവരും തെളിയിച്ചുവെന്നാണ്. ബ്രേക്കപ്പിനുശേഷം രൺവീറും അനുഷ്കയും ഒരുമിച്ച് കണ്ടുമുട്ടിയ സന്ദർഭങ്ങൾ വളരെ കുറവാണ്. ബാന്ദ് ബാജ ബറാത്, ലേഡിസ് വൈസ് റിക്കി ബാഹ്ൽ, ദിൽ ദടക്ക്നേ ദോ എന്നീ മൂന്നു ചിത്രങ്ങളിൽ രൺവീറും അനുഷ്കയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ അധികനാൾ കഴിയുന്നതിനുമുൻപേ ഇരുവരും ബ്രേക്ക് അപ് ആയി.

ഇപ്പോൾ ദീപിക പദുക്കോണാണ് രൺവീറിന്റെ കാമുകി. ഇരുവരും പ്രണയത്തിലാണെങ്കിലും ഇരുവരും ഇത് തുറന്നുസമ്മതിച്ചിട്ടില്ല. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് അനുഷ്കയുടെ കാമുകൻ. പക്ഷേ ഇതും അംഗീകരിക്കാൻ അനുഷ്കയും കോഹ്‌ലിയും ഇതുവരെ തയാറായിട്ടില്ല. പക്ഷേ ഒരുമിച്ച് വിദേശ യാത്രകൾ നടത്തിയും പൊതുപരിപാടികൾക്ക് എത്തിയും തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ