ദീപിക പദുകോൺ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഛപാക്’ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. വ്യാഴാഴ്ച മുംബൈയിൽ ചിത്രത്തിന്റെ പ്രിവ്യൂ നടന്നിരുന്നു. തന്റെ പ്രിയപ്പെട്ടവളുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ചിത്രം കൂടിയായ ഛപാക് കണ്ട് വികാരഭരിതനായിരിക്കുകയാണ് നടനും ദീപികയുടെ ജീവിത പങ്കാളിയുമായ രൺവീർ.
മാൽതിയായുള്ള ദീപികയുടെ പ്രകടനം തന്നെ ഏറെ സ്പർശിച്ചുവെന്ന് രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദീപികയെ കുറിച്ച് താൻ ഏറെ അഭിമാനിക്കുന്നുവെന്നും പ്രിയപ്പെട്ടവളെ ഒരുപാട് സ്നേഹിക്കുന്നു എന്നും പറഞ്ഞാണ് രൺവീർ കുറിപ്പ് അവസാനിപ്പിച്ചത്. ചിത്രം പ്രേക്ഷകർക്ക് ധൈര്യവും പ്രതീക്ഷയും നൽകുന്നതാണെന്ന് സംവിധായികയായ മേഘ്ന ഗുൽസാറിനോട് രൺവീർ പറഞ്ഞു.
ലക്ഷ്മി അഗര്‍വാള്‍ എന്ന സുന്ദരിയും കൗമാരക്കാരിയുമായ പെണ്‍കുട്ടിയുടെ മുഖത്ത്, അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു വന്ന മുതിര്‍ന്ന ഒരു പുരുഷന് ആസിഡ് ആക്രമണം നടത്തിയത് വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞിരുന്നു. താന്‍ നേരിട്ട ദുരന്തം തന്റെ ജീവിതത്തെ നശിപ്പിക്കാന്‍ അവൾ അനുവദിച്ചില്ല എന്നതാണ് ആസിഡ് ആക്രമണത്തിനു ഇരകളായ മറ്റു പലരില്‍ നിന്നും ലക്ഷ്മി അഗര്‍വാളിനെ വേറിട്ട് നിര്‍ത്തിയത്. ആക്രമിക്കപ്പെട്ട പലരെയും സാധാരണയായി ബാധിക്കാന്‍ സാധ്യതയുള്ള ഭയമോ, നാണക്കേടോ ഒന്നും അവരെ ബാധിച്ചില്ല എന്ന് മാത്രമല്ല, അവര്‍ തിരിച്ച് പോരാടുകയും ചെയ്തു. അതും നീണ്ട, കടുത്ത ഒരു പോരാട്ടം; ആശുപത്രി മുറികളില്‍, കോടതികളില്‍. അതിനായി അവര്‍ കയറിയിറങ്ങുന്നതിനിടയില്‍ തന്നെ ആസിഡ് ആക്രമണത്തില്‍ കരിഞ്ഞു പോയ മുഖം പുനര്‍നിര്‍മ്മിക്കാനുള്ള വേദനിപ്പിക്കുന്ന ശസ്ത്രക്രിയകളും നടന്നു. ഒതുങ്ങി മാറാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. അവര്‍ സംസാരിച്ചു കൊണ്ടേയിരുന്നു, തനിക്കു വേണ്ടി, തന്നെപ്പോലെയുള്ള പലര്‍ക്കും വേണ്ടി.
Read More: Chhapaak movie review: നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായി ദീപിക: ‘ഛപാക്’ റിവ്യൂ
അതിജീവനത്തിന്റെ ഈ കഥയാണ്, ദീപിക പദുകോണ്‍ എന്ന താരത്തിന്റെ മേമ്പൊടിയോടെ മേഘ്ന വെള്ളിത്തിരയില്‍ പുനരവതരിപ്പിക്കുന്നത് എന്നാണ് ഇന്ത്യൻ എക്സ്പ്രസിൽ ഛപാക്കിനെ കുറിച്ച് ശുഭ്ര ഗുപ്ത എഴുതിയത്.
“‘ഛപാക്കിനെ’ ഒരു ‘vanity project’ ആയി ദീപിക കണ്ടിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാവില്ലായിരുന്നു. അവരുടെ ശക്തവും ഇരുത്തംവന്നതുമായ പ്രകടനമാണ് ‘ചാപ്പാക്കിനെ’ ഉയരത്തില്‍ നിര്‍ത്തുന്നത്. തൊലി കരിഞ്ഞതും, ഒരു ചെവിയും നാസാദ്വാരങ്ങളും നഷ്ടപ്പെട്ടതുമല്ല ചിത്രത്തിന്റെ ഫോക്കസ്; മറിച്ച് ആ സാഹചര്യങ്ങള്‍ ഉളവാക്കുന്ന വേദന, അമര്‍ഷം, സമരസപ്പെടല്‍, ഏറ്റവും ഒടുവില്‍ ഉണ്ടാകുന്ന നിശ്ചയദാര്‍ഢ്യം ഇതിന്റെ ഒക്കെ നേര്‍ക്കാഴ്ചയാണ്.”