രൺവീർ സിംഗ് നായകനാവുന്ന സ്പോർട്സ് ചിത്രം ’83’ റിലീസ് നീട്ടി. ഏപ്രിൽ 10 ന് തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതായി അണിയറപ്രവർത്തകർ പത്രക്കുറിപ്പിൽ പറയുന്നു. കോവിഡ് -19ന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങൾ മാറി സാധാരണജനജീവിതത്തിലേക്ക് ജനങ്ങൾ തിരിച്ചെത്തിയതിനു ശേഷം പുതിയ റിലീസ് തിയ്യതി അറിയിക്കുന്നതായിരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. “എല്ലാവരും കൊറോണ പ്രതിരോധത്തിനുള്ള ജാഗ്രതാനിർദേശങ്ങളും മുൻകരുതലുകളുമെടുക്കണം. പ്രതിബന്ധങ്ങളോട് പോരാടുന്ന ഒരാളുടെ കഥയാണ് ’83’ പറയുന്നത്. നമ്മളും ഇതിനെയെല്ലാം തരണം ചെയ്ത് ഉടനെ തിരിച്ചുവരുമെന്ന് കരുതുന്നു.”
“83 ഞങ്ങളുടെ സിനിമി മാത്രമല്ല, ഒരു രാജ്യത്തിന്റെ കൂടെ സിനിമയാണ്. ഒരു രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം. എല്ലാവരും സുരക്ഷിതരായിരിക്കൂ, വേണ്ട കരുതലുകൾ എടുക്കൂ. നമ്മൾ തിരിച്ചുവരും,” രൺബീർ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു.
വെസ്റ്റ് ഇൻഡീസ് ആധിപത്യം അവസാനിപ്പിച്ച് 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് ’83’ പറയുന്നത്. കബീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കപിൽദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിൽ എത്തുന്നത് ദീപിക പദുകോൺ ആണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ’83’.