ഒരാഴ്ചയിലേറെയായി ബോളിവുഡിന്റെ പ്രിയ താരജോഡികളായ രണ്‍വീര്‍ സിങും ദീപിക പദുക്കോണും വിവാഹിതരായിട്ട്. വാര്‍ത്തകളായും ചിത്രങ്ങളായും ഇപ്പോളും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇരുവരുമുണ്ട്. ഇറ്റലിയിലെ ലേക്ക് കോമോ റിസോര്‍ട്ടിലെ വിവാഹത്തിന് ശേഷം നവംബര്‍ 21ന് ബെംഗളൂരുവില്‍ ദീപികയുടെ കുടുംബ ഒുക്കിയ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് ഇരുവരും മുംബൈയില്‍ തിരിച്ചെത്തി.
ശനിയാഴ്ച രണ്‍വീറിന്റെ സഹോദരി റിതിക ഇരുവര്‍ക്കുമായി മുംബയില്‍ ഒരുക്കിയ വിവാഹ സത്കാരം ശരിക്കും ആഘോഷമായിരുന്നു. പാര്‍ട്ടിക്കെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രണ്‍വീര്‍ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകള്‍ അതിമനോഹരമായിരുന്നു.
‘ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്,’ രണ്‍വീറിന്റെ ഈ വാക്കുകള്‍ കേട്ട് ദീപികയ്ക്ക് ചിരി നിര്‍ത്താന്‍ കഴിയുന്നില്ലായിരുന്നു. തന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ദീപികയുടെ പാര്‍ട്ടിയിലെ വസ്ത്ര ധാരണം എന്നും, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ദീപികയെ കാണാന്‍ എന്നും രണ്‍വീര്‍ പറഞ്ഞു.
ഇരുവരും പാര്‍ട്ടിയില്‍ നൃത്തം ചെയ്തും ചിരിച്ചും തകര്‍ക്കുകയായിരുന്നു. അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ രണ്‍വീര്‍ തന്നെയാണ് തന്റെ നൃത്തച്ചുവടുകളിലൂടെ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി മാറിയത്. ഇരുവര്‍ക്കും വിവാഹ സത്കാരത്തിനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് പ്രമുഖ സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് അരോറയായിരുന്നു.
മുംബൈയില്‍ തങ്ങളുടെ സിനിമാ സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ ഒന്നിന് ഇരുവരും ചേര്‍ന്ന് വിവാഹ സത്കാരം ഒരുക്കുന്നുണ്ട്. അതിനു ശേഷം രണ്‍വീറിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മറ്റൊരു സത്കാരം കൂടി നടത്തുന്നുണ്ട്.
നവംബര്‍ 14, 15 തിയതികളിലായിരുന്നു ഇറ്റലിയില്‍ വച്ച് ഇരുവരുടേയും വിവാഹം. ഉത്തരേന്ത്യന്‍ ആചാരപ്രകാരവും, കൊങ്കിണി ആചാര പ്രകാരവും വിവഹം നടന്നു.