‘എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു…’ എന്ന മനോഹരഗാനവുമായി ഡെന്നീസിന്റെയും രവിശങ്കറിന്റെയും മോനായിയുടെയും ലോകമായ ബെത്‌ലഹേമിലേക്ക് അവധി ആഘോഷിക്കുവാൻ എത്തിയ ആമിയും കുട്ടിപ്പട്ടാളവും, പിന്നെ ഇന്നുമൊരു നൊമ്പരമായി മനസ്സിൽ വിങ്ങുന്ന നിരഞ്ജനും… ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന ചിത്രം ഇറങ്ങിയിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.

‘സമ്മർ ഇൻ ബത്‌ലഹേമി’ന് തിരക്കഥ ഒരുക്കിയ രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. എന്നാൽ ഇത്തവണ രഞ്ജിത്തിന് നിർമാതാവിന്റെ വേഷമാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു യുവതാരവും നായകനാകും.

വീണ്ടും സിബി മലയിലിന് ഒപ്പം ഒന്നിക്കുന്നതിലുള്ള സന്തോഷം രഞ്ജിത്തും പങ്കുവയ്ക്കുന്നു. “ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്,” ഫേസ്ബുക്ക് പോസ്റ്റിൽ രഞ്ജിത്ത് കുറിച്ചു.

ഗോൾഡ്‌ കോയിൻ മോഷൻ പിക്ച്ചറിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവാഗതനായ ഹേമന്ത് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ബാദുഷയാണ് പ്രൊഡക്ഷൻ കണ്ട്രോളർ.

Read more: ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച ആ അജ്ഞാത കാമുകി ആര്?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook