റേഷൻകടയിൽ നിന്ന് കിട്ടുന്ന അരിയിൽ നിറയെ കല്ലാണ്, അരിയ്ക്ക് മണമാണ് എന്നൊക്കെ നിരവധി പരാതികൾ നമ്മൾ കേട്ടിട്ടുണ്ട്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ റേഷനരി വാങ്ങില്ല എന്നൊരു ധാരണയും പൊതുസമൂഹത്തിനുണ്ട്. എന്നാൽ റേഷനരി കൂട്ടി ചോറുണ്ടതിന് ശേഷം അതിന്റെ ഗുണമേന്മയെ കുറിച്ചാണ് സംവിധായകൻ രഞ്ജിത് ശങ്കർ പറയുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“റേഷനരി കൂട്ടി ചോറുണ്ടു. സൂപ്പർ മാർക്കറ്റ് അരിയേക്കാൾ എല്ലാം കൊണ്ടും മികച്ചത്. ഇന്നത്തെ ഈ പൊതു വിതരണ ക്വാളിറ്റിക്ക് സർക്കാരിന് ഒരു ബിഗ് സല്യൂട്ട്!,” രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

സംവിധായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ലൈക്കുകളും കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള അരി ലഭിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്ന് നിരവധി കമന്റുകൾ അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. ധാരാളം പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

പല സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവയ്ക്കുന്ന ചലച്ചിത്ര പ്രവർത്തകൻ കൂടിയാണ് രഞ്ജിത് ശങ്കർ. അദ്ദേഹത്തിന്റെ സിനിമകളിലും പലപ്പോഴും ഇത്തരം വിഷയങ്ങൾ കടന്നു വരാറുണ്ട്. 2009-ൽ പുറത്തിറങ്ങിയ പാസഞ്ചർ എന്ന ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം തന്നെ രഞ്ജിത്ത് ശങ്കറിന് പ്രശസ്തി നേടിക്കൊടുത്തു. കലാപരമായും, സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസഞ്ചർ.

Read More: മലയാളത്തിൽ മമ്മൂട്ടിയുടെ നായിക, ഇപ്പോൾ സൂപ്പർ സ്റ്റാർ; ഈ സുന്ദരിക്കുട്ടിയെ മനസിലായോ?

കേരളത്തിൽ, തൃശൂർ ജില്ലയിലാണ് രഞ്ജിത്ത് ശങ്കർ ജനിച്ചത്. എം. എ. കോളേജ് ഓഫ് എഞ്ജിനീയറിംഗിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. ഒരു തിരക്കഥാകൃത്തായി കലാരംഗത്ത് പ്രവേശിച്ച രഞ്ജിത്ത്, ടെലിവിഷൻ പരമ്പരകൾക്ക് വേണ്ടിയാണ് ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. നിഴലുകൾ, അമേരിക്കൻ ഡ്രീംസ് എന്നിവ ഇദ്ദേഹത്തിന്റെ തിരക്കഥയിൽ സംപ്രേഷണം ചെയ്യപ്പെട്ട പരമ്പരകളായിരുന്നു.

ആദ്യചിത്രത്തിനു ശേഷം 2011ലാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറക്കിയ അർജുനൻ സാക്ഷിയായിരുന്നു രണ്ടാമത്തെ ചിത്രം.

മലയാള സിനിമയിൽ നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയസൂര്യ-രഞ്ജിത് ശങ്കറിന്റേത്. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ജയസൂര്യയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരവും നേടിക്കൊടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook