തന്റെ പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ തുടങ്ങുന്നതിനു മുന്നോടിയായി മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകന് രഞ്ജിത് ശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഞാന്‍ മേരിക്കുട്ടിയുടെ ചിത്രീകരണം മൂവാറ്റുപുഴയില്‍ ആരംഭിച്ചെന്നും ഇതേ ലൊക്കേഷനില്‍ വച്ചാണ് താന്‍ മമ്മൂട്ടിയ്ക്ക് പാസഞ്ചര്‍ സിനിമയുടെ തിരക്കഥ പറഞ്ഞുകൊടുത്തതെന്നും രഞ്ജിത് ശങ്കര്‍ പോസ്റ്റില്‍ കുറിച്ചു.
”അത് 2006 ലായിരുന്നു. പളുങ്ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു മമ്മൂക്ക. അന്നാദ്യമായാണ് ഞാന്‍ ഒരു സിനിമയുടെ സെറ്റ് കാണുന്നത്. തിരക്കഥ കേട്ട് അദ്ദേഹത്തിന് അതിഷ്ടമായി. ആരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ തന്നെയെന്ന്. ചിരിച്ചുകൊണ്ട് മമ്മൂക്ക പറഞ്ഞു നിന്നെക്കൊണ്ട് അതു സാധിക്കുമെന്ന്. അദ്ദേഹം നേരെ മറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ന് ഞാനൊരു സംവിധായകനാവില്ലായിരുന്നു. എന്റെ പത്താമത്തെ ചിത്രമാണിത്. അതിനെല്ലാം മമ്മൂക്കയോട് നന്ദിയുണ്ട്” രഞ്ജിത് പറഞ്ഞു.
മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്രയെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മേരിക്കുട്ടിയായി എത്തുന്നത് ജയസൂര്യയാണ്. ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. പ്രേതം, പുണ്യാളന് അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകളില്‍ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.