മികച്ച അഭിനേതാക്കള്‍ എന്ന നിലയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരം കഥാപാത്രങ്ങള്‍ ഒരുക്കാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടില്ല എന്നാണ് തനിക്കു തോന്നുന്നതെന്ന് സംവിധായകന്‍ രഞ്ജിത്. മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ഏറ്റവും പുതിയ ‘ഡ്രാമ’യുടെ പ്രോമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെയുള്ള സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും, അവര്‍ക്ക് മാത്രമല്ല അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും സാധിക്കും’ എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു. മോഹന്‍ലാലിന്‍റെ ആരാധകര്‍ രഞ്ജിത് എന്ന സംവിധായകന്റെ കൈയ്യില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ മനോരമ ഓണ്‍ലൈനിനോട് വിശദീകരിക്കുകയായിരുന്നു രഞ്ജിത്. സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് താരങ്ങളിലെ അഭിനേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍, അല്ലാതെ അവരുടെ ആരാധകര്‍ ആവേണ്ടവരല്ല എന്ന് രഞ്ജിത് വ്യക്തമാക്കി.

മോഹന്‍ലാലുമായി വളരെക്കാലമായുള്ള സിനിമാ-സുഹൃദ് ബന്ധത്തെക്കുറിച്ചും രഞ്ജിത് സംസാരിച്ചു. തങ്ങള്‍ ഇരുവരും വളരെ സെന്‍സിറ്റീവ് ആണെന്നും അക്കാരണം കൊണ്ട് തന്നെ ഇടയ്ക്കിടെ പിണങ്ങുകയും അതുപോലെ തന്നെ ഇണങ്ങുകയും ചെയ്യാറുണ്ട് എന്നും രഞ്ജിത് വെളിപ്പെടുത്തി. ‘ഡ്രാമ’യുടെ ലണ്ടന്‍ ലൊക്കേഷനില്‍ കൂടി ഇത്തരത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്പരം ‘അണ്ണാ’ എന്നും ‘അണ്ണാച്ചി’ എന്നും വിളിക്കുന്ന തരത്തില്‍ അടുപ്പമുള്ളവരായ രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് ‘ഡ്രാമ’. അതിനു മുന്‍പ് രഞ്ജിത് തിരക്കഥ രചിച്ച ഒട്ടനേകം ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വേഷമിട്ടിട്ടുണ്ട്, അവയില്‍ പലതും മലയാള സിനിമയുടെ ചരിത്ര ഗതി തന്നെ മാറ്റിമറിച്ചിട്ടുമുണ്ട്.

മോഹൻലാലിന്റെ കരിയറിലെ ക്ലാസ്സിക് ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന ‘ദേവാസുര’വും ‘മായാമയൂര’വുമെല്ലാം ആദ്യം പിറന്നത് രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ മനസ്സിലാണ്. അതുപോലെ, മോഹൻലാലിന്റെ കരിയറിൽ എന്നെന്നും ആഘോഷിക്കപ്പെടുന്ന ‘നരസിംഹ’വും ‘രാവണപ്രഭു’വും പോലെയുള്ള മാസ്സ് പടങ്ങളിലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും രഞ്ജിത് തന്നെയാണ്. ക്ലാസ്സിക്കോ മാസ്സോ ആവട്ടെ, ഏത് എക്സ്ട്രീമുകളിലേക്ക് പോവേണ്ടി വന്നാലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ സിനിമയെ മുന്നോട്ടു കൊണ്ടു പോവാൻ കഴിയും എന്നതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത.

Read More: രഞ്ജിത്തും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ

Image may contain: 4 people

ചിത്രം നവംബര്‍ ഒന്നിന് റിലീസ് ചെയ്യാനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകള്‍ക്കിടയിലാണ് സംവിധായകന്‍. ‘ഡ്രാമ’ യെക്കുറിച്ച് രഞ്ജിത് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞതിങ്ങനെ.

“ഒരു വീടിന്റെ അകവുമായി ബന്ധപ്പെട്ട ഒരു കഥയാണ് ‘ഡ്രാമ’. വീടിനകത്തുള്ള കഥാപാത്രങ്ങൾ. പുറത്തു നിന്നു വരുന്ന ആളുകൾ, മിനിമൽ സമയത്തിനകത്തു നിന്നുള്ള സംഭവങ്ങൾ, നാടകീയമായ വഴിത്തിരിവുകൾ അങ്ങനെ പോകുന്നൊരു കഥാപരിസരം. അഞ്ചു ദിവസത്തിനുള്ളിൽ സംഭവിക്കുന്ന ഒരു കഥ. അതൊക്കെയാണ് സിനിമ. അതിനപ്പുറം വലിയ ചരിത്രമൊന്നും ഈ സിനിമ പറയുന്നില്ല.

സിനിമയുടെ 95 ശതമാനവും ലണ്ടനിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാള ചിത്രങ്ങളുടെ സ്ഥിരം ലണ്ടൻ ലൊക്കേഷനുകളിലല്ല ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കെന്റ്, ആസ്റ്റഡ് പോലെ വില്ലേജ് സ്വഭാവമുള്ള സ്ഥലങ്ങളാണ് സിനിമയിൽ കാണുക. അവിടെ സംഭവിക്കുന്ന കഥ ആയതു കൊണ്ടാണ് അങ്ങനെയൊരു ലൊക്കേഷൻ തെരഞ്ഞെടുപ്പ്”.

Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു

മോഹന്‍ലാലിനെക്കൂടാതെ ആശാ ശരത്, സംവിധായകരായ ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, നിരന്‍ജ് മണിയന്‍പിള്ള രാജു, കനിഹ, അരുന്ധതി നാഗ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.  മഹാ സുബൈര്‍ ആണ് നിര്‍മ്മാതാവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook