സ്ക്രീനിൽ നിന്നിറങ്ങി ജീവിതത്തിന്റെ ഓരം ചേർന്നു നടക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ജീവിതത്തിൽ നിന്ന് സിനിമയിലേക്കോ സിനിമയിൽ നിന്ന് ജീവിതത്തിലേക്കോ പരകായപ്രവേശം നടത്താവുന്ന, അത്രമേൽ റിയലിസ്റ്റിക് ആയ കഥാപാത്രങ്ങൾ. മലയാള സിനിമയ്ക്ക് രഞ്ജിത് എന്ന എഴുത്തുകാരനും സംവിധായകനും നല്‍കിയത് അത്തരത്തില്‍ റിയലിസ്റ്റിക്കും ഊർജ്ജസ്വലരുമായ കഥാപാത്രങ്ങളെയാണ്.
പ്രാഞ്ചിയേട്ടനെയും ബാലാമണിയേയും കുമ്പിടിയേയും ജയപ്രകാശ് എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കറേയും ഒക്കെ സിനിമയ്ക്കപ്പുറം ജീവിതത്തിന്റെ നാൽക്കവലകളിൽ നമുക്കു കണ്ടെത്താൻ കഴിയുന്നത് ആ കഥാപാത്രങ്ങളുടെ സ്വാഭാവികത കൊണ്ടു തന്നെയാണ്.
രണ്ടു എക്സ്ട്രീമുകളിലേക്കും സഞ്ചരിക്കാൻ കഴിവുള്ള ഒരു എഴുത്തുകാരനെന്ന നിലയിൽ കൂടിയാണ് രഞ്ജിത് എന്ന ഫിലിം മേക്കറെ മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുക. മണ്ണിൽ ചവിട്ടി നിൽക്കുന്ന, മുണ്ടുടുക്കുന്ന, മീശ പിരിക്കുന്ന, മലയാളി ഐഡന്റിറ്റിയിൽ അഭിമാനിക്കുന്ന പക്കാ നാടന്‍ കഥാപാത്രങ്ങളെ സൃഷ്ടിച്ച അതേ രഞ്ജിത് തന്നെയാണ് മലയാളിത്തം പേരിനു മാത്രമുള്ള ‘കോസ്മോപൊളിറ്റൻ’ ആയ കഥാപാത്രങ്ങളെയും തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയത്.
അതു കൊണ്ടു തന്നെ, ലണ്ടൻ പശ്ചാത്തലത്തിൽ ‘ഡ്രാമ’ എന്ന പുതിയ മലയാള ചിത്രവുമായി രഞ്ജിത് എത്തുമ്പോൾ ഒരു മാജിക്കൽ സിനിമാ അനുഭവത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രം നവംബര്‍ ഒന്നിന് റിലീസ് ചെയ്യാനുള്ള അവസാന ഘട്ട തയ്യാറെടുപ്പുകള്‍ക്കിടയിലാണ് സംവിധായകന്‍. ‘ഡ്രാമ’ എന്ന പേരിനെക്കുറിച്ച്, തന്റെ പാത്രസൃഷ്ടികളെക്കുറിച്ച്, മനസ്സ് പോകുന്ന വഴിയേ സഞ്ചരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച്… രഞ്ജിത് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിക്കുന്നു.
- ‘ഡ്രാമ’ എന്ന ടൈറ്റിൽ- പലപ്പോഴും അതൊരു നെഗറ്റീവ് വ്യംഗ്യാർത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കല്ലേ, പ്രത്യേകിച്ചും സിനിമകളിൽ. എന്നാല്‍, ‘ഡ്രാമ’യില്ലാതെ കഥ പറയാനും സാധ്യമല്ല. എന്താണ് ഇങ്ങനെയൊരു പേര് നൽകിയതിന് പിന്നിൽ?
‘ഡ്രാമ’ എന്നു പറയുമ്പോൾ റിയലിസ്റ്റിക് അല്ല എന്നൊരർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ടാവും. മലയാളി എത്രയോ വർഷങ്ങളായി ഹാസ്യത്തിന് കോമഡി എന്നു പറയുന്നു. യഥാർത്ഥത്തിൽ അതൊരു തെറ്റായ പ്രയോഗമാണ്. കോമഡി എന്നാൽ ശുഭപര്യവസാനിയായ നാടകം എന്നാണ് അർത്ഥം. നാടകം രണ്ടു തരത്തിലെ ഉണ്ടായിരുന്നുള്ളൂ, ശുഭപര്യവസാനിയും ദുരന്തപര്യവസായിയും. അല്ലെങ്കിൽ കോമഡി, ട്രാജഡി എന്നു പറയാം. തെറ്റായി ഉപയോഗിക്കപ്പെടുന്നു എന്നുമാത്രം.
ഡ്രാമ എന്നത് ജീവിതത്തിൽ ഉപയോഗിക്കാവുന്ന ഒരു വാക്കു തന്നെയാണ്. പ്രവചനാതീതവും അനിശ്ചിതവുമായ ജീവിതത്തിന്റെ അവസ്ഥകൾ കാണുമ്പോഴാണല്ലോ ജീവിതം ഒരു നാടകമാണെന്നു നമ്മൾ പറയുന്നത്. ആ അർത്ഥത്തിൽ തന്നെയാണ് ഇവിടെയും ‘ഡ്രാമ’ എന്ന പേര് ഉപയോഗിക്കുന്നത്.
‘ഡ്രാമ’ വീടിന്റെ അകവുമായി ബന്ധപ്പെട്ട ഒരു കഥയാണ്. വീടിനകത്തുള്ള കഥാപാത്രങ്ങൾ. പുറത്തു നിന്നു വരുന്ന ആളുകൾ, മിനിമൽ സമയത്തിനകത്തു നിന്നുള്ള സംഭവങ്ങൾ, നാടകീയമായ വഴിത്തിരിവുകൾ അങ്ങനെ പോകുന്നൊരു കഥാപരിസരം. അഞ്ചു ദിവസത്തിനുള്ളിൽ സംഭവിക്കുന്ന ഒരു കഥ. അതൊക്കെയാണ് സിനിമ. അതിനപ്പുറം വലിയ ചരിത്രമൊന്നും ഈ സിനിമ പറയുന്നില്ല.
സിനിമയുടെ 95 ശതമാനവും ലണ്ടനിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാള ചിത്രങ്ങളുടെ സ്ഥിരം ലണ്ടൻ ലൊക്കേഷനുകളിലല്ല ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കെന്റ്, ആസ്റ്റഡ് പോലെ വില്ലേജ് സ്വഭാവമുള്ള സ്ഥലങ്ങളാണ് സിനിമയിൽ കാണുക. അവിടെ സംഭവിക്കുന്ന കഥ ആയതു കൊണ്ടാണ് അങ്ങനെയൊരു ലൊക്കേഷൻ തെരഞ്ഞെടുപ്പ്.
- ശ്യാമപ്രസാദ്, ദിലീഷ് പോത്തൻ, ജോണി ആന്റണി തുടങ്ങി സംവിധായകരുടെ ഒരു നിര തന്നെയുണ്ടല്ലോ ചിത്രത്തിൽ, എന്താണ് ഇത്തരം ഒരു തെരെഞ്ഞെടുപ്പിന് പിന്നിൽ?
‘ഡ്രാമ’യിൽ ഒരു ചെറിയ പരീക്ഷണം എന്നു പറയുന്നത്, പ്രധാനപ്പെട്ട ഒരു റോൾ, ജോണി ആന്റണിയെ കൊണ്ട് അഭിനയിപ്പിച്ചു എന്നതാണ്. ബാക്കി എല്ലാവരും, ശ്യാമപ്രസാദോ ദിലീഷോ രൺജിയോ ആവട്ടെ എസ്റ്റാബ്ലിഷ്ഡായ നടൻമാർ ആണ്. ജോണി ഒരു സിനിമയിൽ മുൻപ് അഭിനയിച്ചിട്ടുണ്ടെങ്കിലും ഞാനത് കണ്ടിട്ടില്ല. വളരെ ബ്രില്ല്യന്റായി തന്നെ ജോണി ഇതിൽ അഭിനയിച്ചിട്ടുണ്ട്. ‘ഡ്രാമ’ സംഭാവന ചെയ്യുന്നത് ജോണി ആന്റണി എന്ന നടനെ കൂടിയാവും.
ഈ സംവിധായകരുടെ കൂടെയൊക്കെ വർക്ക് ചെയ്യുമ്പോൾ ഒരു സുഖമുണ്ട്. പ്രൊഫഷണൽ ആക്റ്റിംഗിന് അപ്പുറത്തയ്ക്ക് മെയ്ക്കിംഗ് കാര്യങ്ങളിലൊക്കെ ഒരു ശ്രദ്ധയുണ്ടാവും. അധികം കാര്യങ്ങൾ വിശദീകരിക്കേണ്ട ആവശ്യമില്ല, അവർക്ക് മനസ്സിലാവും. മാറുന്ന സിനിമയിൽ ബിഹേവിംഗ് ആക്റ്റിംഗ് ആണല്ലോ പ്രധാനം. അവരെല്ലാം അത് മനോഹരമായി തന്നെ ചെയ്തിട്ടുമുണ്ട്.
ഡ്രാമയിലൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത് തിയേറ്റർ ബാക്ക്ഗ്രൗണ്ടിലുള്ള വ്യക്തിയാണ്, അരുന്ധതിനാഗ്. ‘ടാ തടിയാ’ എന്നൊരു ചിത്രത്തിൽ അരുന്ധതി മുൻപ് അഭിനയിച്ചിട്ടുണ്ട്. ആഷിഖിന് അന്ന് അരുന്ധതിയെ സജസ്റ്റ് ചെയ്തത് ഞാനാണ്. 99 മുതൽ എനിക്ക് പരിചയമുള്ള സുഹൃത്താണ് അരുന്ധതി.
- മോഹന്‍ലാല്‍ എന്ന നടനെ വച്ച് രണ്ടു എക്സ്ട്രീമുകളില്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്യിച്ചിട്ടുണ്ട് – മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന, തീര്‍ത്തും മലയാളിയായ മംഗലശ്ശേരി നീലകണ്ഠന്‍ മുതല്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു വരുന്ന, മലയാളിത്തം പേരിനു മാത്രമുള്ള കോസ്മോപൊളിറ്റൻ കഥാപാത്രങ്ങള്‍ വരെ. ‘ഡ്രാമ’യിലെ മോഹന്‍ലാല്‍ ഇതില്‍ ഏതില്‍ പെടും?
ആ കോസ്മോപൊളിറ്റൻ ടൈപ്പ് കഥാപാത്രം തന്നെയാണ് ‘ഡ്രാമ’യിലും. വലിയ ഫൈറ്റോ, രൂക്ഷമായ വലിയ ഡയലോഗുകളോ അങ്ങനെയൊന്നുമില്ലാത്ത ഒരു ലാലിനെ ‘ഡ്രാമ’യിൽ കാണാം. ലാൽ അടുത്ത കാലത്ത് ചെയ്തതിൽ വെച്ച് ഏറ്റവും റിലാക്സ്ഡ് ആയി ചെയ്ത ഒരു സിനിമയാവും ‘ഡ്രാമ’.
ലാലിന്റെ പഴയ ചിരിയും കളിയും തമാശയും എല്ലാം ‘ഡ്രാമ’യിലുണ്ട്. അതു കാണുന്നതു തന്നെ ഒരു കൗതുകമായി തോന്നും. പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്തൊക്കെ സ്റ്റുഡിയോയിൽ എല്ലാവരും പറഞ്ഞ കാര്യമിതാണ്. അതു തന്നെയായിരിക്കും ഈ പടത്തിന്റെ ചാം.
- എത്തരമൊരു സിനിമാ അനുഭവമാകും ‘ഡ്രാമ’ പകരുക?
വളരെ സീരിയസ് ആയ ഒരു ഇമോഷണൽ ഇഷ്യൂ ആണ് നമ്മൾ സറ്റയറിന്റെ ഭാഷയിൽ പറഞ്ഞു പോവുന്നത്. കഥയുടെ ഉള്ളിലെ സീഡ് എന്നു പറയുന്നത് വളരെ വൈകാരികമായ ഒരു പ്രശ്നം തന്നെയാണ്. അതിനെ പ്രസന്റ് ചെയ്തിരിക്കുന്നത്, ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് എന്നു മാത്രം.
കഴിഞ്ഞ ദിവസം രണ്ടു പേർ സ്റ്റുഡിയോയിൽ വന്നിരുന്ന് സിനിമയുടെ ചില സീനുകൾ കണ്ടു. ‘സിനിമ ഓടും, മുഴുവൻ കാണാൻ കൊതിയാവുന്നു ‘എന്നു പറഞ്ഞു. അതിൽ ഒരാൾ മമ്മൂട്ടിയും മറ്റൊരാൾ പൃഥിരാജുമായിരുന്നു. ‘ഡ്രാമ’യെ ഞാൻ പ്രാഞ്ചിയേട്ട’ന്റ ഗണത്തിലാണ് പെടുത്താൻ ആഗ്രഹിക്കുന്നത്.
- പ്ലാന്‍ ചെയ്തു വച്ചിരുന്ന സിനിമ മാറ്റി, വേറൊന്നിലേക്ക് ഇത് പോകുന്നത് ആദ്യമായല്ല. എന്താണ് അവസാന നിമിഷം വേറൊന്നു തെരഞ്ഞെടുക്കാന്‍ മനസ്സിനെ പ്രേരിപ്പിക്കുന്നത്? ഈ സിനിമയ്ക്ക് മുൻപു തന്നെ ബിലാത്തികഥ എന്നൊരു ചിത്രമല്ലേ അനൗൺസ് ചെയ്തത്?
‘ബിലാത്തിക്കഥ’യുടെ കാര്യം പറയുകയാണെങ്കിൽ, സേതു എന്ന റൈറ്റർ എന്റെ അടുത്ത് വന്ന് സംസാരിച്ചു. ഇൻഡസ്ട്രിംഗ് ആയൊരു കഥ അതിലുണ്ടെന്ന് തോന്നി. എന്നോട് സംവിധാനം ചെയ്യാവോ എന്നു ചോദിക്കുകയും ചെയ്തു. അതിനു വേണ്ടി ഇരിക്കുകയും അതിനായി ലണ്ടനിൽ പോവുകയും ഒക്കെ ചെയ്തു.
പോകെ പോകെ എനിക്കെന്തോ ഒരു ആത്മവിശ്വാസക്കുറവ്. എന്റെ പ്രശ്നമായിരിക്കാം. ചിലപ്പോൾ മറ്റൊരാൾ ആ സിനിമ നന്നായി ചെയ്തേക്കാം. അവിടുന്നാണ് ഞാൻ സുബൈറിനോട് എനിക്കിതു പറ്റുമെന്നു തോന്നുന്നില്ലെന്നു പറയുന്നത്.
സുബൈറാണെങ്കിൽ ഒരുപാട് മുന്നോട്ട് പോവുകയും ചെയ്തിരുന്നു, അയാൾക്കൊരു പ്രൊജക്റ്റ് എന്തായാലും ചെയ്യണം. ലാലിന്റെ ഡേറ്റ് ഉണ്ടോ എന്നു അന്വേഷിച്ചു. അങ്ങനെയാണ് ‘ഡ്രാമ’യിലേക്ക് വരുന്നത്. യാദൃശ്ചികമായി കിട്ടിയൊരു കഥ കൂടിയാണ് ‘ഡ്രാമ’.
- മുൻപ് ‘രാജമാണിക്യ’വും ഇങ്ങനെ അവസാന നിമിഷം മാറിയ സിനിമായിരുന്നില്ലേ?
അതു സംഭവിക്കാറുണ്ട് . അതെന്നെ കുറിച്ച് ഏറ്റവും കൂടുതൽ പറയുക മമ്മൂട്ടിയാണ്. ” ഇന്നു പറയും, അവസാനം മാറ്റി പറയും”, എന്ന് മമ്മൂട്ടി പറയും. ബോധപൂർവ്വമായി ചെയ്യുന്ന ഒന്നല്ല അത്. സിനിമ ആലോചിക്കാൻ തുടങ്ങുമ്പോൾ തന്നെ, ഉടനെ പേപ്പർ എടുത്തു എഴുതി തുടങ്ങുന്നതല്ല എന്റെ രീതി.
ഒരു സിനിമ ഞാൻ കുറേ ദിവസം ഉള്ളിലിട്ടു നടക്കും. ഉണർന്നിരിക്കുമ്പോൾ എല്ലാം നമ്മുടെ മനസ്സിൽ ആ സിനിമയുണ്ടാകും. അതിന്റെ സ്വീകൻസ്, സംഭാഷണം ഒക്കെ ഓർക്കും. അതൊരു പ്രോസസ് ആണ്.
അതിനിടയിൽ ചങ്ങാതിമാരോടൊക്കെ സബ്ജക്റ്റ് സംസാരിക്കും. കേട്ട എല്ലാവരും ഓകെ എന്നു പറഞ്ഞാലും എന്തോ നമ്മുടേതായൊരു സംശയം ചിലപ്പോൾ ഉള്ളിൽ പിടിമുറുകിയിട്ട് വേണ്ടെന്നു വെയ്ക്കാറുണ്ട്. വേണ്ടെന്നു വെച്ചിട്ട് പിൻമാറുകയല്ല, അതിലും ബെറ്റർ ആയ ഒന്ന് കണ്ടെത്തി മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. എന്റെ ജീവിതത്തിൽ പല സിനിമകളും അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. വേണമോ വേണ്ടയോ, വേണമോ വേണ്ടയോ എന്നൊരു ചിന്ത എപ്പോഴും ഉണ്ടാവാറുണ്ട്.
- ഒരു കാലത്ത് മലയാളി പുരുഷന്‍ ഏറ്റവും കൂടുതല്‍ താദാത്മ്യം പ്രാപിച്ചിരുന്ന മംഗലശ്ശേരി നീലകണ്ഠൻ പോലെയുള്ള കഥാപാത്രങ്ങള്‍ സൃഷ്ടിച്ചിരുന്ന ആളാണ് രഞ്ജിത്ത്? ഇന്നത്തെ മലയാളി പുരുഷന്‍ ഐഡന്റിഫൈ ചെയ്യുന്നത് ആര്‍ക്കൊപ്പമാണ് എന്നാലോചിച്ചിട്ടുണ്ടോ?
അന്നും ഇന്നും പുരുഷന് വലിയ മാറ്റമൊന്നും എനിക്ക് തോന്നിയിട്ടില്ല. മംഗലശ്ശേരി നീലകണ്ഠൻ എന്നു പറഞ്ഞതു കൊണ്ട് ഞാൻ പറയുകയാണ്. മംഗലശ്ശേരി നീലകണ്ഠൻ മെയിൽഷോവനിസ്റ്റ് ആണെന്നു പറയുന്നത് കൃത്യമായി ആ സിനിമ മനസ്സിലാക്കാത്ത ആളുകളാണ്. കാരണം, സ്ക്രിപ്റ്റ് വായിച്ച് അന്ന് പലരും സംശയം പറഞ്ഞിരുന്നു.
ദേവാസുരത്തിന്റെ സെക്കന്റ് ഹാഫിൽ നായകൻ വീണു പോവുകയാണ്. അയാളുടെ നെഞ്ചിൽ കാലു വെച്ച് അതിലെ പ്രതിനായകൻ സംസാരിക്കുന്ന സീനുണ്ട്. അവിടെ നായകന് പ്രതികരിക്കാൻ പോലും പറ്റില്ല. ഫിസിക്കലി അയാൾ തകർന്നു പോവുകയാണ്. അയാളെ പിന്നീട് തേടിയെത്തുന്നത് അയാൾ ഒരിക്കൽ ദ്രോഹിച്ചിട്ടുള്ള ഒരു സ്ത്രീയാണ്. ആ അർത്ഥത്തിൽ ഒരു സ്ത്രീയാണ് അവിടെ ഉയർന്നു നിൽക്കുന്നത്. ഇക്വാലിറ്റി എന്ന വിഷയം ആദ്യകാലത്ത് ചർച്ച ചെയ്ത സിനിമകളിലൊന്ന് ‘ദേവാസുര’മാണ് എന്നാണ് ഞാന്‍ കരുതുന്നത്.
Read More: ‘ദേവാസുരം’ ഇന്നാണ് എടുക്കുന്നതെങ്കില്‍ മോഹന്‍ലാലിനു പകരം ആരെ കാസ്റ്റ് ചെയ്യും? രഞ്ജിത്തിന്റെ മറുപടി
എന്താണ് സമൂഹത്തിൽ നടക്കുന്നത് എന്നതിന്റെ എക്സ്റ്റെൻഷനാണ് സിനിമ എന്നതിനാൽ, സമൂഹത്തിന്റെ ഒരു പ്രതിഫലനം സിനിമയിലുമുണ്ടാവും. സമൂഹത്തിൽ മാറ്റം വന്നിട്ടുണ്ട്, കുറച്ചുകൂടി റിലാക്സ്ഡായിട്ടുള്ള ഒരു സ്പെയ്സിലാണ് ഇപ്പോൾ സ്ത്രീയും പുരുഷനും ജീവിക്കുന്നത്. ‘ഡ്രാമ’യിലെ ലാലിന്റെ കഥാപാത്രവും ഒരളവ് അങ്ങനെ തന്നെയാണ്. പലപ്പോഴും ഭാര്യയെ ഭയന്നു പോലും ജീവിക്കുന്ന ഒരു കഥാപാത്രമാണ് ലാലിന്റേത്.