Mohanlal Drama Release: മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ‘ഡ്രാമ’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. വിജയ ചിത്രങ്ങള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടിനെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാ-ആരാധകലോകങ്ങള്‍ ഉറ്റു നോക്കുന്നത്. കേരളപ്പിറവി ദിനമായ ഇന്ന് ഇവിടെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിന് പുറത്തു നാളെയാണ് റിലീസ് ചെയ്യുക.
റിലീസിന് മണിക്കൂറുകള്‍ മുമ്പ് പുതിയ ടീസര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. നേരത്തെ ഇറങ്ങിയ രണ്ട് വീഡിയോകളിലേയും പോലെ തന്നെ മോഹന്‍ലാല്‍ മാനറിസങ്ങള്‍ കൊണ്ട് സമ്പന്നമാണ് പുതിയ വീഡോയയും. ചിത്രത്തിന്റെ ഫണ്‍ മൂഡ് വിളിച്ചു പറയുന്നതാണ് ടീസര്‍. മോഹന്‍ലാലിന് പുറമെ ചിത്രത്തിലെ മറ്റ് താരങ്ങളും വീഡിയോയില്‍ എത്തുന്നുണ്ട്.
Read More: ‘ഫെമിനിച്ചികളുടെ ഇന്റർനാഷണൽ കോർട്ടിലും ജാമ്യം കിട്ടും’, ‘ഡ്രാമ’ ടീസർ
മോഹന്‍ലാല്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. വിദേശ യാത്രയിലായ അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെ ആരാധകരോട് ‘ഡ്രാമ’യുടെ വിശേഷങ്ങള്‍ പങ്കു വച്ചു.
“ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല, വളരെ വിലപ്പെട്ടൊരു സന്ദേശംകൂടിയുണ്ട് ചിത്രത്തില്‍. കാണൂ, അഭിപ്രായമറിയിക്കൂ. കൂടെ നിന്നേക്കണം കേട്ടോ”, എന്നു പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിച്ചത്.
‘ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത്ത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും.
വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
“ലാലിന്റെ പഴയ ചിരിയും കളിയും തമാശയും എല്ലാം ‘ഡ്രാമ’യിലുണ്ട്. അതു കാണുന്നതു തന്നെ ഒരു കൗതുകമായി തോന്നും. പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്തൊക്കെ സ്റ്റുഡിയോയിൽ എല്ലാവരും പറഞ്ഞ കാര്യമിതാണ്. അതു തന്നെയായിരിക്കും ഈ പടത്തിന്റെ ചാം. വളരെ സീരിയസ് ആയ ഒരു ഇമോഷണൽ ഇഷ്യൂ ആണ് നമ്മൾ സറ്റയറിന്റെ ഭാഷയിൽ പറഞ്ഞു പോവുന്നത്. കഥയുടെ ഉള്ളിലെ സീഡ് എന്നു പറയുന്നത് വളരെ വൈകാരികമായ ഒരു പ്രശ്നം തന്നെയാണ്. അതിനെ പ്രസന്റ് ചെയ്തിരിക്കുന്നത്, ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് എന്നു മാത്രം”, ‘ഡ്രാമ’യെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞതിങ്ങനെ.
Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു
ചിത്രത്തില്‍ മോഹന്‍ലാല്‍ തന്റെ ശബ്ദത്തില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ‘പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ കാഴ്ച്ചകളാണുള്ളത്. മോഹന്‍ലാലും രഞ്ജിത്തും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരെല്ലാം വീഡിയോയില്‍ വന്ന് പോകുന്നുണ്ട്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പാടുന്നു എന്നതും ഡ്രാമയുടെ ഗാനത്തിന്റെ സവിശേഷതയാണ്.