/indian-express-malayalam/media/media_files/uploads/2018/09/Ranjith-Mohanlal-Drama-Devasuram-25-years-Niranjana-Anoop.jpg)
Ranjith Mohanlal Drama Devasuram 25 years Niranjana Anoop
'ദേവാസുരം' ഇന്ന് ചെയ്യുകയാണെങ്കില്‍ ആരെയൊക്കെ അഭിനയിപ്പിക്കും? രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത 'ദേവാസുര'ത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിമുഖീകരിച്ച ഒരു ചോദ്യമാണിത്. മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാലും ഭാനുമതിയായി രേവതിയും അഭിനയിച്ച സിനിമ, മലയാളത്തിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മോഹന്‍ലാലിന് പകരം ആരെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിന് 'ലാലിനെ റീപ്ലേസ് ചെയ്യാന്‍ ആവില്ല' എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. അങ്ങനെ ഒരു അവസരം വന്നാല്‍ ആരെ കാസ്റ്റ് ചെയ്യും എന്ന് ഒന്ന് കൂടി ചോദിച്ചപ്പോള്‍ 'ഇതിനു ഉത്തരം പറയാന്‍ പ്രയാസമാണ്' എന്നും രഞ്ജിത് പറഞ്ഞു.
"ഇതിന്റെ ഉത്തരം എന്റെ കൈയ്യില്‍ ഇല്ല. കാരണം എനിക്ക് ചിന്തിക്കാനേ പറ്റില്ല അങ്ങനെ ഒരു കാര്യം. അത് ഈ തലമുറയിലെ ആളുകളുടെ കഴിവ് കുറവൊന്നുമല്ല. നീലകണ്ഠന്‍ എന്ന് പറയുന്ന ആ മുഖം, അത് സിനിമയായിക്കഴിഞ്ഞ ശേഷം, മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ഈ ജനറേഷന്റെ സിനിമയുമല്ല അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്", രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സ്വദേശിയായ മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയത്തെ ആസ്പദമാക്കി എഴുതിയതാണ് 'ദേവാസുരം' എന്നും അതിലെ ബാക്കി അംശങ്ങള്‍ എല്ലാം തന്നെ സിനിമാ വിപണിയ്ക്ക് അനുസൃതമായി എഴുതിച്ചേര്‍ത്തതാണ് എന്നും രഞ്ജിത് വെളിപ്പെടുത്തി. മുല്ലശ്ശേരി രാജുവിന്റെ കൊച്ചു മകളും അഭിനേത്രിയുമായ നിരഞ്ജനയാണ് തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചുള്ള സിനിമ ഉരുത്തിരിഞ്ഞു വന്നതിന്റെ വഴികളെക്കുറിച്ച് രഞ്ജിത്തിനോട് സംസാരിച്ചത്.
രഞ്ജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ 'ഡ്രാമ' ഒരു ഫണ്‍ മൂവിയാണ് എന്നും നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, കുസൃതിക്കാരനായ ലാലിനെ 'ഡ്രാമ'യില്‍ കാണാം എന്നും അദ്ദേഹം വെളിപ്പെടുത്തി.
"കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് കാണാന്‍ കിട്ടാതിരുന്ന ലാലിന്റെ കുസൃതിയും തമാശകളും ആ സിനിമയില്‍ ഉടനീളമുണ്ട്. വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്നമാണ് ആ സിനിമ കൈകാര്യം ചെയ്യുന്നത്. പക്ഷേ അത് പറഞ്ഞ രീതിയും ആളുകളുടെ പെര്‍ഫോര്‍മന്‍സും എല്ലാം തന്നെ... ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കങ്ങള്‍ ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ്".
മോഹന്‍ലാലിനെക്കൂടാതെ ആശാ ശരത്, നിരന്‍ജ്ജ് മണിയന്‍പിള്ള രാജു, അരുന്ധതി നാഗ്, കനിക, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിവര്‍ അഭിനയിക്കുന്ന ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.