സംവിധായകൻ രഞ്ജിത്തും എഴുത്തുകാരൻ ജി ആർ ഇന്ദുഗോപനും പുതിയ ചിത്രത്തിനു വേണ്ടി കൈകോർക്കുന്നു. നിർമ്മാതാവായ സി വി സാരഥിയാണ് ഈ വിശേഷം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. ‘എഴുത്തുകാരനും സംവിധായകനും, ആവേശം നിറയ്ക്കുന്ന ദിവസങ്ങളാണ് മുന്നിൽ… ഏതാണ് ചിത്രമെന്ന് ഊഹിക്കാവോ?’ എന്ന ക്യാപ്ഷനോടെയാണ് രഞ്ജിത്തും ഇന്ദുഗോപനും ഒന്നിച്ചുനിൽക്കുന്ന ചിത്രം സാരഥി ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ​ ഒന്നും പോസ്റ്റിൽ വ്യക്തമല്ല.

നിരവധി മികച്ച വിജയ ചിത്രങ്ങൾക്ക് സ്വന്തമായി കഥയും തിരക്കഥയും എഴുതിയ രഞ്ജിത്ത് വളരെ ചുരുക്കം ഘട്ടങ്ങളിലെ മറ്റു എഴുത്തുകാരുടെ തിരക്കഥയില്‍ സിനിമ ചെയ്തിട്ടുള്ളൂ. ഉണ്ണി ആറിന്റെ ‘ലീല’, ടി.പി. രാജീവന്റെ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായ ജി ആർ ഇന്ദുഗോപനുമായി കൈകോർക്കുകയാണ് രഞ്ജിത്ത്. ‘അമ്മിണിപ്പിള്ള വെട്ടുകേസ്’, ‘ചോരക്കാലം പടിഞ്ഞാറേ കൊല്ലം’ എന്നീ രണ്ടു നീണ്ടക്കഥകളാണ് ഇന്ദുഗോപന്റേതായി അടുത്ത കാലത്തു വന്ന ശ്രദ്ധേയമായ വർക്കുകൾ. ഇതിലേതെങ്കിലും ഒന്നായിരിക്കുമോ പുതിയ ചിത്രം എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ.

ഹരിശ്രീ അശോകൻ കേന്ദ്രകഥാപാത്രമായ ‘ഒറ്റക്കയ്യൻ’ ആണ് ഇന്ദുഗോപൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. കേരള സംസ്ഥാന അവാർഡും ചിത്രം നേടിയിരുന്നു. മോഹൻലാലിനെ നായകനാക്കി ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ‘ഡ്രാമ’യായിരുന്നു രഞ്ജിത്തിന്റെ തിയേറ്ററുകളിലെത്തിയ അവസാനചിത്രം.

വർഷങ്ങൾക്കു ശേഷം നാടകവേദിയിലും സജീവമാവുകയാണ് രഞ്ജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത’മറാഠ കഫേ’ എന്ന നാടകം കഴിഞ്ഞ ദിവസം കൊച്ചി ജെടി പാക്കിൽ പ്രദർശിപ്പിച്ചിരുന്നു. നാടകകൃത്തും സംവിധായകനും പരീക്ഷണാത്മകനാടകത്തിന്റെ വക്താവും സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടറും സർവ്വോപരി തങ്ങളുടെ ഗുരുവുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ഓർമ്മ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചുകളിലെ വിദ്യാർത്ഥികൾ രൂപം നൽകിയ ശങ്കരപ്പിള്ള ആർട്സ് ആന്റ് കൾച്ചറൽ എൻസെബിൾ (S.P.A.C.E ) എന്ന കൂട്ടായ്മയായിരുന്നു ഈ നാടകത്തിന്റെ അണിയറയിൽ. മുരളീ മേനോനായിരുന്നു ‘മറാഠ കഫേയുടെ രചന നിർവ്വഹിച്ചത്. ഹരോൾഡ് പിന്ററുടെ ‘ഡംബ്ബ് വെയിറ്റർ’ എന്ന നാടകത്തിന്റെ ഇന്ത്യൻ ആവിഷ്കാരമാണ് ‘മറാഠ കഫേ’. സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വവിദ്യാർത്ഥികളായ ശ്യാമപ്രസാദ്, വികെ പ്രകാശ്, കുക്കു പരമേശ്വരൻ, മനു ജോസ്, ശങ്കർ രാമകൃഷ്ണൻ എന്നിവർക്കൊപ്പം അളഗപ്പനും ‘മറാഠ കഫേ’യുടെ അണിയറയിൽ പ്രവർത്തിച്ചിരുന്നു.

Read more: ഗുരുവിന് ആദരവുമായി ശിഷ്യർ: ‘മറാഠ കഫേ’ വരുന്നു

അനൂപ് മേനോൻ ആദ്യമായി സംവിധായകനാവുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായും രഞ്ജിത്ത് എത്തുന്നുണ്ട്. ദശരഥ വർമ എന്ന മുഴുനീള കഥാപാത്രമായാണ് രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കുന്നത്. അഞ്ജലിമേനോൻ ചിത്രം ‘കൂടെ’യിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read more: അനൂപ് മേനോൻ സംവിധായകനാവുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ