പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്‌ന്റ്…രഞ്ജിത് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമകൾ. ഇതിലെല്ലാം നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയും. എന്നാൽ, തന്റെ സിനിമകളിൽ അഭിനയിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടിയെ താൻ വിളിച്ചിട്ടില്ല എന്നു രഞ്ജിത് തുറന്നുപറയുകയാണ്. തന്റെ സിനിമകളിലെല്ലാം മമ്മൂട്ടി എന്ന നടൻ അധികാരത്തോടെ, സ്‌നേഹത്തോടെ വന്നുകയറുകയായിരുന്നുവെന്ന് രഞ്ജിത് പറയുന്നു. മാതൃഭൂമിയുടെ ‘സ്റ്റാർ ആൻഡ് സ്റ്റെൽ’ എന്ന മാസികയിലാണ് മമ്മൂട്ടിയെക്കുറിച്ച് രഞ്ജിത് വെെകാരികമായി എഴുതിയിരിക്കുന്നത്.

Read Also: ബാലുവും നീലുവും ഒന്നിച്ച് ബിഗ് സ്ക്രീനിലേക്ക്; ‘ലെയ്ക്ക’ വരുന്നു

മമ്മൂട്ടി നായകനായി രണ്ടായിരത്തിൽ പുറത്തിറങ്ങിയ ‘വല്യേട്ടൻ’ എന്ന ചിത്രത്തിന്റെ തിരക്കഥ രഞ്ജിത്താണ് നിർവഹിച്ചത്. ‘വല്യേട്ടൻ’ സിനിമയിലെ ഒരു ഗാനം സംവിധായകൻ ഷാജി കെെലാസിന്റെ ആവശ്യത്തെത്തുടർന്ന് താനാണ് ചിത്രീകരിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. ആ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ‘രഞ്ജിത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഞാനാണ് നായകൻ’ എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞതായി രഞ്ജിത് ഓർക്കുന്നു. അന്ന് താൻ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, കുറച്ചുകാലത്തിനുശേഷം ആദ്യ സംവിധാന ചിത്രമായ ‘രാവണപ്രഭു’ പുറത്തുവന്നു. എന്നാൽ, മോഹൻലാൽ ആയിരുന്നു അതിലെ നായകനെന്നും രഞ്ജിത് പറഞ്ഞു.

തന്റെ സിനിമയിൽ റെമ്യൂണറേഷൻ വാങ്ങാതെ മമ്മൂട്ടി അഭിനയിച്ചതിനെക്കുറിച്ച് രഞ്ജിത് പറയുന്നത് ഇങ്ങനെ: “രാവണപ്രഭുവിനുശേഷം ഞാനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ധിഖും ഇരിക്കുമ്പോൾ പങ്കുവച്ചു. ‘കയ്യൊപ്പ്’ സിനിമയുടെ ഏതാണ്ടൊരു പൂർണരൂപം. ചുരുങ്ങിയ ബജറ്റിൽ അത് പൂർത്തിയാക്കാൻ പോകുന്നു എന്നുകൂടി പറഞ്ഞപ്പോൾ ‘ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിനു എത്രനാൾ ഷൂട്ട് വേണ്ടിവരും’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ‘നിങ്ങൾക്ക് റെമ്യൂണറേഷൻ തരാനുള്ള വക എനിക്കില്ല’ എന്നാണ് ഞാൻ മമ്മൂക്കയോട് തിരിച്ചുപറഞ്ഞത്. ‘ചോദിച്ചത് പണമല്ല, എന്റെ എത്രനാൾ വേണമെന്നാണ്’ മമ്മൂക്ക പറഞ്ഞു. പിന്നീട് തനിക്ക് വഴിച്ചെലവിന്റെ കാശുപോലും ചെലവാക്കാൻ സാഹചര്യമുണ്ടാക്കാതെ മമ്മൂട്ടി കയ്യൊപ്പ് സിനിമയിൽ അഭിനയിച്ചു. പതിനാല് ദിവസം കൊണ്ട് ആ സിനിമ പൂർത്തിയാക്കി”.

മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് രഞ്ജിത് പറഞ്ഞു. സഹോദരനെപ്പോലെയാണ് മമ്മൂക്ക തന്നെ കാണുന്നതെന്നും രഞ്ജിത് പറഞ്ഞു. ശരീരഭാഷകൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക് ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook