തിരുപ്പതി ക്ഷേത്രം, പെദ്ദ ദർഗ എന്നിവിടങ്ങളിൽ ദർശനം നടത്തി സൂപ്പർസ്റ്റാർ രജനികാന്ത്. മകൾ ഐശ്വര്യയ്ക്കൊപ്പം വ്യാഴാഴ്ച രാവിലെയാണ് താരം തിരുപ്പതിയിലെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്ഷേത്ര സന്ദർശനത്തിനു ശേഷം സംഗീജ്ഞൻ എ ആർ റഹ്മാനൊപ്പം ആന്ധ്രയിലെ അമീൻ ദർഗയിലും രജനി എത്തി.
ബുധനാഴ്ച രാത്രിയോടെ മകൾക്കൊപ്പം തിരുപ്പതിയിലെത്തിയ രജനി വ്യാഴാഴ്ച വെളുപ്പിനാണ് ക്ഷേത്ര ദർശനം നടത്തിയത്. സുപ്രഭാതം സേവ, മറ്റു പൂജകൾ എന്നിവയ്ക്കിടയിലിരുന്ന് പ്രാർത്ഥിക്കുന്ന രജനിയുടെയും മകൾ ഐശ്വര്യയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രജനികാന്ത് ക്ഷേത്ര ദർശന സമയത്ത് അണിഞ്ഞിരുന്നത് കുർത്തയാണ്. ‘ജെയിലർ’ എന്ന പുതിയ ചിത്രത്തിലെ ലുക്കിലാണ് രജനി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
തിരുപ്പതി സന്ദർശിക്കുന്നതിൽനിന്ന് ലഭിച്ച അനുഭവങ്ങൾ പറഞ്ഞറിയിക്കാനാകുന്നതല്ലെന്നാണ് രജനികാന്ത് മാധ്യമങ്ങളോടു പറഞ്ഞത്. നടൻ ഉദയ്നിധി സ്റ്റാലിൻ മന്ത്രി പദവിയിലെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ താൻ അദ്ദേഹത്തെ ആശംസകളറിയിച്ചിട്ടുണ്ടെന്നായിരുന്നു രജനിയുടെ മറുപടി.
പിന്നീട് എ ആർ റഹ്മാനൊപ്പം ഇരുവരും പെദ്ദ ദർഗ സന്ദർശിക്കുകയായിരുന്നു.
‘ലെ മസ്‌ക്ക്’ എന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയതിന് റഹ്മാനെ രജനികാന്ത് പ്രശംസിച്ചിരുന്നു. നെൽസൺ ദിലീപ്‌കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജെയിലറാ’ണ് രജനിയുടെ പുതിയ ചിത്രം. 2023 ഏപ്രിലിൽ ചിത്രം റിലീസിനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൺ പിക്‌ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ജെയിലറി’നുണ്ട്.