മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ക്കുന്ന സിനിമകളാണ് ചിത്രവും കോട്ടയം കുഞ്ഞച്ചനും. ഇതിലെ നായിക രഞ്ജിനിയെ അതുകൊണ്ട് മലയാളികള്‍ക്ക് മറക്കാനുമാകില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായിരുന്ന രഞ്ജിനിയെന്ന സാഷ സെല്‍വരാജിനെ പിന്നീട് കണ്ടത് 2014ല്‍ പുറത്തിറങ്ങിയ റിങ് മാസ്റ്ററിലൂടെയാണ്. പിന്നീട് കൂതറയിലും പാവയിലും അഭിനയിച്ച രഞ്ജിനി സിനിമാ ജീവിതത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളുമെടുത്തു. അഭിനയ ജീവിതത്തെക്കുറിച്ചും സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നു…
സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും എന്തുകൊണ്ട് സജീവമാകുന്നില്ല?
വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുമ്പോള്‍ നല്ല വേഷം ചെയ്യണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് റിങ് മാസ്റ്ററില്‍ അഭിനയിച്ചത്. പണ്ട് ചിത്രം സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ റിങ് മാസ്റ്ററിലെ എലിസബത്തിലൂടെ ജനങ്ങള്‍ തിരിച്ചറിയുന്നു. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ അറിയപ്പെടാനാണ് എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ വരുന്നില്ല. എന്നെ തേടി വരുന്ന പല കഥാപാത്രങ്ങളും വളരെ ചെറുതായിരിക്കും. ഏറി വന്നാല്‍ അഞ്ചോ പത്തോ മിനിറ്റ് മാത്രം അഭിനയിക്കാനുള്ളവ. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് താത്പര്യമില്ല. അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ വന്നാല്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് എന്റെ തീരുമാനം.
എനിക്ക് അഭിനയം അറിയാമെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ എന്നിട്ടും എന്തുകൊണ്ട് നല്ല അവസരങ്ങള്‍ വരുന്നില്ലെന്ന് മനസ്സിലാകുന്നില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ചിത്രം ചെയ്തു കഴിഞ്ഞ് തീയറ്ററുകളില്‍ നൂറും ഇരുനൂറും ദിവസം സിനിമ നിറഞ്ഞോടിയിട്ടും വീണ്ടുമൊരു മലയാള ചിത്രം എനിക്കു ലഭിച്ചത് ഒരു വര്‍ഷത്തിനു ശേഷമാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നറിയില്ല. ഇപ്പോള്‍ സിനിമയില്ലെങ്കിലും ബിസിനസ് സംബന്ധമായി വളരെ തിരക്കിലാണ്. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. അതുകൊണ്ട് സിനിമ കിട്ടാത്തതില്‍ വിഷമം ഒന്നുമില്ല.

മലയാള സിനിമയിലെ മാറ്റത്തെ എങ്ങനെ കാണുന്നു?
നല്ല മാറ്റമാണ് മലയാള സിനിമയില്‍ ഇപ്പോള്‍ കാണുന്നത്. കാലത്തിനനുസൃതമായി അത് ആവശ്യവുമാണ്. ഒരുപാട് നല്ല ചിത്രങ്ങളാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഇഷ്ടപ്പെട്ട സിനിമ ഏതെന്നു ചോദിച്ചാല്‍ ഒന്നിന്റെ മാത്രം പേരെടുത്തു പറയാന്‍ തന്നെ പ്രയാസമാണ്. സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയെല്ലാം പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ പ്രശംസനീയമാണ്. പക്ഷേ പുതിയ സിനിമകളില്‍നിന്ന് മുത്തശ്ശിമാരും അമ്മമാരും പെങ്ങന്മാരുമെല്ലാം ഒഴിവായെന്നതാണ് വാസ്തവം. അത്തരം കഥാപാത്രങ്ങള്‍ വിരളമായേ ഇന്നു കാണാനാകൂ.
പണ്ട് ഒപ്പം അഭിനയിച്ചവരുമായി ഇപ്പോഴും അടുപ്പമുണ്ടോ?
പല പരിപാടികള്‍ക്കും പോകുമ്പോള്‍ അവരെയെല്ലാം കാണാറുണ്ട്. അപ്പോള്‍ സൗഹൃദം പുതുക്കാറുണ്ട്. അടുത്തിടെ ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. മമ്മൂക്ക ഉള്‍പ്പെടെ തമിഴ്, മലയാളം സിനിമയിലെ പല പ്രമുഖരും അവിടെയുണ്ടായിരുന്നു. മമ്മൂക്കയോട് സംസാരിക്കാന്‍ ഓരോരുത്തരും ഊഴം കാത്തുനില്ക്കുകയായിരുന്നു. ഞാനും അടുത്തുചെന്ന് സംസാരിക്കണം എന്നു കരുതി. പക്ഷേ എന്നെ കണ്ടതും മമ്മൂക്ക എഴുന്നേറ്റുവന്ന് എന്നോട് ഒത്തിരിനേരം സംസാരിച്ചു. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഇപ്പോഴും അദ്ദേഹം പഴയ സൗഹൃദം ഓര്‍ക്കുന്നതുതന്നെ വലിയ ഭാഗ്യം.
വൈറലായ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച്?
പല സാമൂഹിക വിഷയങ്ങളിലും ഞാന്‍ ഇടപെടാറുണ്ട്. കൊച്ചിയിലെ നിരവധി പ്രോജക്ടുകളിലും സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതികളിലും പങ്കാളിയാകാറുണ്ട്. നിരവധി കാര്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ജനങ്ങളുമായി പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ടാണ് കൗണ്‍സിലിങ് പോലെ നടത്തുന്ന ചാനല്‍ പരിപാടികളെക്കുറിച്ചും ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്. ഇത്തരം പരിപാടികള്‍ സത്യത്തില്‍ നിരോധിക്കുകയാണ് വേണ്ടത്. പല ഭാഷകളിലുള്ള നിരവധി ചാനലുകളില്‍ പ്രശ്നങ്ങളുള്ള കുടുംബങ്ങളെ വിളിച്ചിരുത്തി സംസാരിക്കുന്നതും വഴക്കുപറയുന്നതും ചിലപ്പോള്‍ അടിക്കുന്നതുവരെ കാണാം. ആരാണ് ഈ ചാനലുകാര്‍ക്കും അവതാരകര്‍ക്കും മറ്റുള്ളവരെ അടിക്കാനും അവരുടെ പ്രശ്നത്തില്‍ ഇടപെടാനുമുള്ള അവകാശം കൊടുക്കുന്നത്. ഇതു തികച്ചും ന്യായമല്ലെന്നു മാത്രമല്ല, മനുഷ്യാവകാശങ്ങളെ ഹനിക്കുക കൂടിയാണ്.
ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ആരും എന്താണ് ചിന്തിക്കാത്തത്. ആ കുഞ്ഞിന്റെ ഭാവിയെയാണ് ഇതു ബാധിക്കുന്നത്. എന്തിനധികം, നല്ല വഴി പറഞ്ഞുകൊടുത്ത് വളര്‍ത്തുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ ഈ പരിപാടി കണ്ടാല്‍ ഇതില്‍നിന്ന് അവര്‍ എന്താണ് പഠിക്കുന്നതും മനസ്സിലാക്കുന്നതും? ഇതെല്ലാം വെറും ടിആര്‍പി റേറ്റിങ്ങിനു വേണ്ടി ചാനലുകാര് എങ്ങനെയാണ് മറക്കുന്നത്. ഇത്തരം പരിപാടികളില്‍ വരുന്നത് പാവപ്പെട്ട കുടുംബങ്ങളാണ്. കോടതിയില്‍ പോകാനുള്ള ഭയമോ, സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തതുകൊണ്ടാകാം ഇത്തരം കൗണ്സിലിങ്ങുകളെ അവര്‍ വിശ്വസിക്കുന്നത്. പക്ഷേ അത്തരം കുടുംബങ്ങളോട് ചെയ്യുന്ന ക്രൂരതയാണിത്. അവരുടെയും കുട്ടികളുടേയും സ്വകാര്യത മാനിക്കേണ്ട തല്ലേ. പലര്‍ക്കും ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടെ സര്‍ക്കാര്‍ തലത്തില്‍ കൗണ്‍സലിങ് സെന്ററുകളും എന്ജിഒയുമെല്ലാം ഉണ്ടെ ന്ന് അറിയില്ല. അവരുടെ അജ്ഞതയെയാണ് ഒരു തരത്തില്‍ ചൂഷണം ചെയ്യുന്നത്.
റോഡില്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ അടി നടന്നാല്‍ അല്ലെങ്കില്‍ പ്രശ്നമുണ്ടായാല്‍ അവിടെ പൊലീസ് എത്തി പരിഹരിക്കാന്‍ ശ്രമിക്കും അല്ലെങ്കില്‍ അവരെ കസ്റ്റഡിയില്‍ എടുക്കും. പക്ഷേ ഇവിടെ ലൈവായി അടിച്ചാല്‍ പോലും ആരും ചോദിക്കാന്‍ പോകില്ല. സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് സര്ട്ടിഫിക്കേഷന് കൊടുക്കുന്നു. പക്ഷേ ഈ പരിപാടി നടത്തുന്നവര്‍ പലപ്പോഴും ഉപയോഗിക്കുന്ന മോശം വാക്കുകള്‍ വച്ച് നോക്കുമ്പോള്‍ അതും സെന്‍സര്‍ ചെയ്തു മാറ്റേണ്ട താണ്. നിര്‍ഭാഗ്യവശാല്‍ അതൊന്നും സംഭവിക്കുന്നില്ല. എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവുചെയ്ത് ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യരുത്. പ്രശ്നമുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കാനായി പഠിച്ചവരും അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്നവരും ഉണ്ട്. അതുകൊണ്ട് ഇത്തരം പരിപാടികള്‍ നിര്‍ത്തലാക്കണമെന്നാണ് എന്റെ അപേക്ഷ.
കൊച്ചിക്കാരി ആയി മാറിയോ?
ഇപ്പോള്‍ ശരിക്കും കൊച്ചിക്കാരിയായി എന്നു വേണമെങ്കില്‍ പറയാം. ഭര്‍ത്താവ് പിയർ കൊമ്പാറയുമൊത്ത് ഇവിടെ താമസമാക്കിയിട്ട് 10 വര്‍ഷത്തോളമായി. ജനിച്ചുവളര്‍ന്ന സിംഗപ്പൂരിനെക്കാളും 20 വര്‍ഷത്തോളം ജീവിച്ച ലണ്ടനെക്കാളും ഇന്നിഷ്ടം കൊച്ചിയാണ്.