പുരുഷ വിരോധിയല്ല ഞാനെന്നും എന്റെ ഏറ്റവും അടുത്ത കൂട്ടുകാർ ആൺകുട്ടികളാണെന്നും രഞ്ജിനി ഹരിദാസ്. ഒരു സാധാരണ പെൺകുട്ടി ഡേറ്റ് ചെയ്യുന്നതിനെക്കാൾ കൂടുതൽ പുരുഷന്മാരെ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. ആൺ പെൺ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞു.

”അനുഭവങ്ങളും ജീവിത പരിചയവുമാണ് നമ്മുടെ അഭിപ്രായങ്ങൾ മാറ്റിമറിക്കുന്നത്. കല്യാണം കഴിക്കില്ല, 32-ാം വയസ്സിൽ ഒരു കുഞ്ഞിനെ ദത്തെടുക്കും എന്നൊക്കെ ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട്. സത്യത്തിൽ വിവാഹ ഏർപ്പാടിൽ ഇന്നും വലിയ താൽപര്യമില്ല. ഒരുപാട് കൂട്ടുകാരുളളതിനാൽ ജീവിതത്തിലും ഞാൻ ഒറ്റപ്പെട്ടിട്ടില്ല. വിവാഹം കഴിക്കാൻ അമ്മയും നിർബന്ധിക്കാറില്ല. കാരണം, കല്യാണം കഴിച്ചാൽ ഞാൻ അത് നന്നായി കൊണ്ടുപോകും എന്നവർക്കു വിശ്വാസമില്ല. എന്നെ നന്നായി മനസ്സിലാക്കാൻ പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഏറെ സെൻസിറ്റീവായ പെൺകുട്ടിയാണ് ഞാൻ. എന്റെ ഫാമിലിയും വളർത്തുമൃഗങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. അത് തിരിച്ചറിഞ്ഞ് ജീവിതത്തെ സന്തോഷത്തോടെ ലാഘവത്തോടെ കാണാൻ കഴിയുന്ന ആൺതുണ വന്നാൽ ഞാൻ വിവാഹം കഴിക്കും”.

renjini haridas

കടപ്പാട്: രഞ്ജിനി ഫെയ്സ്ബുക്ക് പേജ്

”എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ അതിന്റെ വരും വരായ്മകളൊന്നും നോക്കാതെ തുറന്നു പറയാൻ ഞാൻ ശ്രമിക്കാറുണ്ട്. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രശ്നങ്ങൾക്കെതിര ഞാൻ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കിട്ടിയിട്ടുണ്ട്. എന്നെ ട്രാൻസ്ജെൻഡറായി വരെ കണ്ടവരുണ്ട്. മനുഷ്യത്വത്തിന് മുന്നിൽ അതൊന്നും വലിയ പ്രശ്നമല്ലെന്നും” രഞ്ജിനി അഭിമുഖത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook