ഫുട്‌ബോള്‍ ദൈവം ഡിയേഗോ മറഡോണ ആദ്യമായി കേരളത്തിലെത്തിയ ആ നാൾ ഒരു ഫുട്ബോൾ പ്രേമിയ്ക്കും മറക്കാനാവില്ല. കാൽപ്പന്ത് കളിയുടെ തലതൊട്ടപ്പനെ സ്നേഹം കൊണ്ട് മൂടുകയായിരുന്നു കേരളം അന്ന്. അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനെ സംബന്ധിച്ചും സ്വപ്നസമാനമായൊരു ദിവസമായിരുന്നു അത്. നാല്‍പതിനായിരത്തോളം കാണികള്‍ തിങ്ങിനിറഞ്ഞ ആ സ്റ്റേഡിയത്തിൽ മറഡോണയ്ക്ക് ഒപ്പം ചുവടുവെയ്ക്കുമ്പോൾ ലാറ്റിനമേരിക്കന്‍ മാധ്യമങ്ങളിൽ വരെ ആ വാർത്ത വരുമെന്ന് രഞ്ജിനി അന്ന് ഓർത്തില്ല. പിറ്റേദിവസം ലാറ്റിനമേരിക്കൻ പത്രങ്ങളിലും വെബ്സൈറ്റുകളിലുമടക്കം വന്ന വാർത്തകളിൽ രഞ്ജിനി ഡിയേഗോയുടെ പുതിയ കാമുകിയെന്ന നിലയ്ക്കാണ് അവതരിപ്പിക്കപ്പെട്ടത്.
2012 ഒക്ടോബറിൽ ബോബി ചെമ്മണ്ണൂർ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിനായി മറഡോണ കണ്ണൂരെത്തിയതിന്റെ ഓർമകൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കിടുകയാണ് അന്ന് പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ്.
“ഇന്നലെ എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു, വെളുപ്പിനെ നാലരയ്ക്ക് എണീറ്റ് കരുനാഗപ്പള്ളി വരെ പോയി ജോലി ഒക്കെ ചെയ്തു വന്നപ്പോൾ ക്ഷീണിതയായിരുന്നു. നേരത്തെ ഉറങ്ങിപ്പോയി, ഇന്ന് രാവിലെ എണീറ്റു നോക്കിയപ്പോൾ പത്തിരുപത് മിസ് കോൾ. രാവിലെ എന്നെ എതിരേറ്റ വലിയൊരു ഷോക്കിംഗ് ന്യൂസാണ് ഡിയേഗോയുടെ മരണം,” രഞ്ജിനി ഹരിദാസ് പറഞ്ഞു.
Read more: വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടി രഞ്ജിനി ഹരിദാസ്; കൈയടിച്ച് സെലിബ്രിറ്റികൾ
മറഡോണ എന്ന ഇതിഹാസതാരത്തിനൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞത് ഒരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. കണ്ണൂരിലായിരുന്നു അന്ന് ആ പ്രോഗ്രാം. ഫുട്ബോൾ പൊതുവെ കേരളത്തിന് ഇഷ്ടമുള്ള വിനോദമാണല്ലോ, കണ്ണൂരെന്നാൽ ഫുട്ബോളിന്റെ തലസ്ഥാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരിടവും. അതുകൊണ്ടുതന്നെ അതൊരു മാഗ്നറ്റിക് സ്വഭാവമുള്ള തകർപ്പൻ ഷോ ആയിരിക്കുമെന്ന് അറിയാമായിരുന്നു. വലിയ ആൾക്കൂട്ടത്തെയും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, മറഡോണ എങ്ങനെയാവും എന്നതിനെ കുറിച്ച് മാത്രമായിരുന്നു ആശങ്ക. അദ്ദേഹത്തെ കുറിച്ച് കേട്ടറിവുള്ള ഒരാൾ മാത്രമാണ് ഞാൻ. കേട്ട കഥകളിൽ നിന്നും അദ്ദേഹമൊരു പാർട്ടി ബോയ് ആണെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷേ സ്റ്റേജിൽ അദ്ദേഹം ഗൗരവക്കാരനായിക്കുമോ, മൂഡ് എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് ഒരു പിടിയുമില്ല.
അദ്ദേഹം സ്റ്റേജിൽ എത്തിയപ്പോൾ ഒരു ഹാപ്പിയായ വ്യക്തിയാണെന്ന വൈബ് എനിക്കു കിട്ടി. ആ വൈബിൽ പിടിച്ച് മുന്നോട്ടു പോയാൽ മതിയായിരുന്നു പിന്നെ. കാണികളെ എന്റർടെയിൻ ചെയ്യിക്കാനായി എന്തു ചെയ്യാനും അദ്ദേഹം റെഡിയായിരുന്നു. ഗ്യാലറിയ്ക്ക് വേണ്ടി, ആൾക്കാർക്ക് വേണ്ടി പെർഫോം ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഡാൻസ് ചെയ്തു തുടങ്ങിയപ്പോൾ അടുത്തു പോയി ഞാനും ഡാൻസ് ചെയ്തു തുടങ്ങി. അദ്ദേഹം കൈപ്പിടിച്ച് ചുവടുവെച്ചു, പാട്ടുപാടി, എന്നെ ചുംബിച്ചു. കാണികൾക്കായി ഫുട്ബോൾ എറിഞ്ഞുകൊടുത്തു. അന്നു മുഴുവൻ അദ്ദേഹം ഒരു ഹാപ്പി മൂഡിലായിരുന്നു. അദ്ദേഹത്തിന്റെ ആ പ്രസരിപ്പാണ് അന്നത്തെ ആ പരിപാടിയെ അത്രയും വൈറലാക്കിയത്.
ആ ഒറ്റ ഡാൻസ് കൊണ്ട് ഡിഗോയുടെ കാമുകിയായി ലാറ്റിനമേരിക്കന്‍ മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിൽ എന്റെ വന്നത് വളരെ അത്ഭുതമായി തോന്നിയെനിക്ക്. അന്നത്തെ പ്രോഗ്രാമിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ട ആളുകളുടെ ധാരണ, എനിക്ക് അതിനു മുൻപെ അദ്ദേഹത്തെ പരിചയമുണ്ട്, ഞങ്ങൾ മുൻപു സംസാരിച്ചിട്ടുണ്ട് എന്നൊക്കെയാണ്. സത്യത്തിൽ ആ സ്റ്റേജിൽ വെച്ചാണ് ഞാനാദ്യം അദ്ദേഹത്തെ കാണുന്നത്. അവിടെ ഒന്നിച്ചു ചെലവഴിച്ച അരമണിക്കൂറിന്റെ പരിചയം മാത്രം. ഡാൻസ് ചെയ്യുന്നതിന്റെയും ഉമ്മ വയ്ക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ കണ്ട് ആളുകൾ കഥകളിറക്കിയതാണ്.
വർഷങ്ങൾക്കു ശേഷം ആളുകൾ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്, മറഡോണയുമായുള്ള അഫയർ എങ്ങനെ ഉണ്ടായിരുന്നു എന്ന്. അഫയർ പോയിട്ട് റോഡിൽ എവിടേലും വെച്ചു എന്നെ കണ്ടാൽ അദ്ദേഹത്തിന് മനസ്സിലാവത്തു പോലുമില്ല എന്നതാണ് വാസ്തവം. പിന്നീടൊരിക്കൽ ദുബായിലെ ഒരു ക്ലബ്ബിൽ വെച്ച് പാർട്ടിയ്ക്കിടെ എന്റെ മുന്നിലൂടെ അദ്ദേഹം നടന്നു പോവുന്നതു കണ്ടു. അദ്ദേഹത്തിന് എന്നെ അറിയില്ലെന്ന് എനിക്ക് നന്നായറിയാവുന്നതുകൊണ്ട് അങ്ങോട്ട് പോയി സംസാരിച്ച് ചമ്മേണ്ടല്ലോ എന്നോർത്ത് ഞാൻ പോയി പരിചയപ്പെട്ടില്ല.
മറഡോണ എന്ന പേര് കേരളത്തിൽ പറയുമ്പോൾ ആ പേരിനൊപ്പം ഓർക്കുന്ന ഒന്നു രണ്ടു പേരുകളിൽ ഒന്നായി എന്നെയും ആളുകൾ ഓർക്കുന്നുണ്ടെന്ന് ഇന്ന് രാവിലെ എണീറ്റപ്പോൾ എനിക്കു മനസ്സിലായി. അത്ര അധികം ഫോൺകോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്, എണീറ്റതിൽ പിന്നെ ഞാനിന്ന് ഫോൺ താഴെ വെച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ചാണല്ലോ ഈ കോളുകൾ വരുന്നത് എന്നത് വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. അറുപതു വയസ്സ് അങ്ങനെ മരിച്ചുപോവാനുള്ള പ്രായമല്ലല്ലോ. ഒരു പ്രധാന സർജറി കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ട് വീണ്ടും ഇങ്ങനെയൊരു വാർത്ത എത്തുന്നത് സങ്കടകരമാണ്.
പക്ഷേ അങ്ങനെയൊക്കെ ആലോചിക്കുമ്പോഴും ജീവിതം ആഘോഷിച്ച് ജീവിച്ച് മരിച്ച ഒരാളാണ് മറഡോണ എന്നു പറയണം. ജീവിതത്തിൽ ഒരു തരത്തിലും അദ്ദേഹം കോംപ്രമൈസ് ചെയ്തിട്ടില്ല. സാധാരണ വലിയ സെലിബ്രിറ്റിയൊക്കെ ആയി മാറുമ്പോൾ ആളുകൾക്ക് പേടിയാണ്. ലോകം എന്തു കരുതും, എന്തു പറയും എന്നൊക്കെ. മറഡോണയ്ക്ക് പക്ഷേ അത്തരം ചിന്തകളോ പ്രശ്നങ്ങളോ ഒന്നുമില്ല. ആളുകൾ എന്തു പറയുന്നു എന്നത് അദ്ദേഹം കെയർ ചെയ്യുന്നില്ല. ആ കാര്യത്തിൽ എവിടെയോ എന്റെ സ്വഭാവവും അതൊക്കെ തന്നെയാണ്. അങ്ങനെ ജീവിക്കുന്ന ആളുകളോട് എനിക്ക് എപ്പോഴും ഒരിഷ്ടകൂടുതൽ ഉണ്ട്, അത് മറഡോണയോടും ഉണ്ടായിരുന്നു.
സാധാരണ റോക്ക് സ്റ്റാറുകളൊക്കെയാണ് അങ്ങനെ ജീവിതം ആസ്വദിച്ച് ജീവിക്കുക, സ്പോർട്സ് രംഗത്തു നിന്നും അതുപോലെ ഒരു ഇമേജ് ഉയർന്നു വരുന്നത് വളരെ ചുരുക്കമാണ്. അതിലൊരാൾ മറഡോണയാണ്, അദ്ദേഹമാണ് അതിന്റെ രാജാവ്. അർജന്റീന എന്ന ഫുട്ബോൾ ടീമിനെ ലോകപ്രശസ്തമാക്കിയ ഇതിഹാസതാരം എന്ന രീതിയിൽ മാത്രമല്ല, ആ വ്യക്തിത്വവും സമീപനവും അദ്ദേഹത്തിന്റെ രീതികളും എല്ലാമാണ് മറഡോണയെ ഒരു ഗ്ലോബ്ബൽ സ്റ്റാറാക്കി മാറ്റിയത്. ഈ ലൈഫ്സ്റ്റൈൽ കാരണം അദ്ദേഹത്തിന്റെ ശരീരം ക്ഷയിച്ചു എന്നതാണ് സങ്കടം. പക്ഷേ മറഡോണ എന്ന പേര് നമ്മളിലേക്ക് പകരുന്ന പ്രസരിപ്പും ഊർജ്ജവും ഓറയുമൊക്കെ മരണത്തിനും അതീതമാണ്. നമ്മുടെ മനസ്സിൽ അദ്ദേഹം എന്നും മറഡോണയാണ്. ഇനിയും ഒരായിരം അവസരങ്ങളിൽ നമ്മുടെയൊക്കെ മനസ്സിൽ അദ്ദേഹം ഓർമിക്കപ്പെടും.
Read more: അത് ചതിയാണ് ബോബിയെന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു; മറഡോണയെ ഓർത്ത് ബോബി ചെമ്മണ്ണൂർ