കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളസിനിമ വളരെ സജീവമായി ചർച്ച ചെയ്ത ഒന്നാണ് സിനിമയിലെ സ്ത്രീവിരുദ്ധത എന്നത്. അതിൽ ഉയർന്നുകേട്ട രണ്ടു പേരുകളാണ് തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജിപണിക്കരുടെയും മകൻ നിതിൻ രൺജി പണിക്കരുടേതും. രൺജി പണിക്കർ കഥയെഴുതിയ ‘കിംഗ്’, ‘കമ്മീഷ്ണർ’ പോലുള്ള ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ ഡയലോഗുകളാണ് ചർച്ചയായതെങ്കിൽ, നിതിൻ രൺജി പണിക്കരുടെ കാര്യത്തിൽ ‘കസബ’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീ വിരുദ്ധതയാണ് വിവാദമായത്. ഈ വിഷയത്തെ കുറിച്ചുള്ള ഒരാമുഖത്തോടെയാണ് രൺജി പണിക്കർ കഴിഞ്ഞ ദിവസം ‘വിജയ് സൂപ്പറും പൗര്‍ണമി’യും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷങ്ങളില്‍ പങ്കെടുക്കവേ സംസാരിച്ചത്.

താന്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധരില്‍ ഒരാളാണെന്നായിരുന്നു രൺജി പണിക്കരുടെ വാക്കുകൾ. “ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. എന്റെ മകന്‍ ‘കസബ’ എന്നൊരു സിനിമ സംവിധാനം ചെയ്തതിന് ശേഷം കുറച്ച് അവനും പകുത്തെടുത്തു. ഈ സ്ത്രീവിരുദ്ധ പാപങ്ങളുടെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത് ‘ഓം ശാന്തി ഓശാന’ പോലെ, ‘വിജയ് സൂപ്പറും പൗര്‍ണമി’യും പോലുള്ള സിനിമകളിലെ നല്ല അച്ഛന്‍ വേഷങ്ങളാണ്,’ രഞ്ജി പണിക്കര്‍ പറഞ്ഞു.

‘എന്റെ വീട്ടില്‍ ഞങ്ങള്‍ മൂന്ന് ആണ്‍ മക്കളാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. എന്റെ മകന് ആണ്‍കുട്ടിയാണ്. അതു കൊണ്ട്, ഒരു പെണ്‍കുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം ഞാന്‍ അനുഭവച്ചറിഞ്ഞിട്ടില്ല. പെണ്‍കുഞ്ഞ് ഉണ്ടായാല്‍, അവളെ മറ്റൊരു വീട്ടില്‍ പോയി വളരാനുള്ള ആള്‍ എന്ന നിലയില്‍ നമ്മള്‍ പരുവപ്പെടുത്തുകയാണ്. നീ വേറൊരു വീട്ടില്‍ പോയി വളരാനുളളവളാണ്, വേറൊരു അന്തരീക്ഷത്തില്‍ പോയി ജീവിക്കാന്‍ ശീലിക്കണം എന്നാണ് അവളോട് നമ്മുടെ സമൂഹം പറഞ്ഞു കൊടുക്കുന്നത്. പെണ്‍കുട്ടി വിവാഹം കഴിച്ച് മറ്റൊരു വീട്ടില്‍ എത്തുമ്പോള്‍, അവള്‍ വളര്‍ന്ന സാഹചര്യം, അവള്‍ക്കൊരു മുറിയുണ്ടായിരുന്നെങ്കില്‍ അത്, സ്വന്തമായി ഉണ്ടായിരുന്ന അലമാര, അവളുടെ പുസ്തകങ്ങള്‍, അവള്‍ ശേഖരിച്ച ഓര്‍മകള്‍…ഇതൊക്കെ ഉപേക്ഷിച്ചാണ് മറ്റൊരു വീട്ടിലേ്ക്ക് പോകുന്നത്. അങ്ങനെ പറഞ്ഞയക്കുക എന്ന സമ്പ്രദായം നമ്മുടെ സമൂഹത്തില്‍ ഉള്ളപ്പോള്‍, മറ്റൊരാളെ സ്‌നേഹിക്കാനും അയാള്‍ക്ക് വിട്ടു കൊടുക്കാനും ഉള്ള അച്ഛന്റെ മനസ്സ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. അങ്ങനെയൊരു മുഹൂര്‍ത്തം നടനെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്. അതിന് ജിസ് ജോയ്ക്ക് നന്ദി പറയുന്നു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’.

Read More: ഫെഫ്കയിൽ നേതൃമാറ്റം; പുതിയ പ്രസിഡന്റായി രഞ്ജി പണിക്കർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook