ബോളിവുഡ് താരസുന്ദരി റാണി മുഖർജി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. സിദ്ധാർത്ഥ് പി. മൽഹോത്രയുടെ ചിത്രത്തിലൂടെയാണ് റാണിയുടെ തിരിച്ചുവരവ്. ഹിച്ച്കി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് മനേഷ് ശർമ്മയാണ്. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.

തന്റെ പോരായ്മകളെയും തന്റെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റുന്ന ഒരു സ്ത്രീയുടെ കഥയാണ് ഹിച്ച്കി പറയുന്നത്. രണ്ടര വർഷത്തിന് ശേഷമുളള റാണിയുടെ ശക്തമായ തിരിച്ചു വരവായിരിക്കും ഈ ചിത്രം. എല്ലാവർക്കും ജീവിതത്തിൽ ഓരോ പോരായ്മകളുണ്ടാവും. അത് പല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കും. എന്നാൽ അതിനെ തരണം ചെയ്യുന്നവർക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും. അത്തരൊരു കഥയാണ് ഹിച്ച്കി പറയുന്നതെന്ന് റാണി മുഖർജി പറഞ്ഞു.

2014ൽ പുറത്തിറങ്ങിയ മർദാനിയാണ് റാണിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഓഫിസറായുളള മർദാനിയിലെ റാണിയുടെ വേഷം ഒരുപാട് പ്രശംസ പിടിച്ച് പറ്റിയിരുന്നു. അതിന് ശേഷം റാണി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി. രണ്ടര വർഷത്തിന് ശേഷമാണ് റാണി സിനിമയിൽ തിരിച്ചെത്തുന്നത്.

യഷ് രാജ് ഫിലിംസും മനേഷ് ശർമ്മയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹിച്ച്കി. ദം ലഗാ കേ ഹയ്ഷാ, മേരി പ്യാരി ബിന്ദു തുടങ്ങിയ ചിത്രങ്ങളിൽ മനേഷ് ശർമ്മയും യഷ് രാജ് ഫിലിംസും ഒന്നിച്ചിരുന്നു. എന്നാൽ സിദ്ധാർത്ഥ് മൽഹോത്രയും യഷ് രാജും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

നേരത്തെ സിദ്ധാർത്ഥ് ഈ സിനിമയുമായി അമിതാഭ് ബച്ചനെയും ഇമ്രാൻ ഹാഷ്‌മിയെയും സമീപിച്ചിരുന്നു. എന്നാൽ ഇരുവരും പിന്മാറിയതിനെ തുടർന്ന് ആദിത്യ ചോപ്രയെ സമീപിക്കുകയായിരുന്നു. ആദിത്യ ചോപ്രയാണ് ഇതൊരു സ്ത്രീ കേന്ദ്രീത സിനിമയാക്കിയത്. അത് രണ്ടര വർഷത്തിന് ശേഷമുളള റാണിയുടെ തിരിച്ചു വരവിന് വഴിയൊരുക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ