ആഭ്യന്തര- അന്താരാഷ്ട്ര ബോക്സ്ഓഫീസുകളില്‍ പണം വാരി രാംചരണിന്‍റെ  രംഗാസ്തലം. വെളളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ 46 കോടിയാണ് ഒറ്റദിവസം കൊണ്ട് വാരിയത്. കൂടാതെ മികച്ച നിരൂപണമാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്നതും. ഇന്‍ഡ്യന്‍ എക്സ്പ്രസ് അഞ്ചില്‍ നാലും, ഐഎംഡിബി റേറ്റിംഗ് പ്രകാരം 10ല്‍ 9.2 പോയന്റുമാണ് ചിത്രം നേടിയത്. ചിത്രം രാംചരണിന്‍റെ  കരിയര്‍ ബെസ്റ്റാണെന്നും അഭിപ്രായമുണ്ട്.

ആദ്യദിനം തെലങ്കാനയില്‍ നിന്ന് മാത്രം 28.8 കോടി രൂപ ചിത്രം വാരി. കര്‍ണാടകയില്‍ നിന്ന് 3.4 കോടി രൂപയാണ് നേടിയത്. റിലീസ് ചെയ്ത ആദ്യ ദിനം ചെന്നൈയില്‍ നിന്ന് മാത്രം 25 ലക്ഷം രൂപ ചിത്രം നേടിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് ഒട്ടാകെ 60 ലക്ഷവും നേടി. ഒരു തെലുഗ് ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിക്കുന്ന രണ്ടാമത്തെ മികച്ച കളക്ഷനാണിത്. 92 ലക്ഷം രൂപയുമായി ബാഹുബലിയാണ് ആദ്യദിന കളക്ഷനില്‍ മുമ്പില്‍.

വിദേശത്തും ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. അമേരിക്കയില്‍ ആദ്യദിനം ചിത്രം 4.39 കോടി രൂപ നേടിയതായി വിപണി വിദഗ്ധനായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയില്‍ നിന്ന് ആദ്യദിനം ചിത്രം 84 ലക്ഷംരൂപ നേടിയിട്ടുണ്ട്. അവധി ദിനങ്ങള്‍ ആയതും ചിത്രത്തിന് നേട്ടമായി. രാം ചരണിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് ടോളിവുഡ് സിനിമാലോകത്ത് നിന്നുളള റിപ്പോര്‍ട്ട്.

മിക്ക നിരൂപണങ്ങളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് രാം ചരണിനെ അഭിനന്ദിക്കാനും നിരൂപണങ്ങളില്‍ ഇടംകാണുന്നു. ചിട്ടി ബാബു എന്ന ബോട്ടുടമയായാണ് ചിത്രത്തില്‍ രാം ചരണ്‍ പ്രത്യക്ഷപ്പെടുന്നത്. രാമലക്ഷ്മി എന്ന കഥാപാത്രമായെത്തിയ സാമന്തയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് ദേവിശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിട്ടുളളത്. അനസൂയ, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook