കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ എം ടി വാസുദേവൻ നായർക്ക് തിരികെ നൽകണമെന്ന കോഴിക്കോട് മുൻസിഫ് കോടതിയുടെ ഉത്തരവ് ജില്ലക്കോടതി സ്റ്റേ ചെയ്തു. സംവിധായകൻ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് ജില്ലക്കോടതിയുടെ നടപടി.

അതേസമയം തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയ മുൻസിഫ് കോടതിയുടെ ഉത്തരവ് നിലനിൽക്കും. അതിനാൽ തന്നെ ശ്രീകുമാർ മേനോന് തിരക്കഥ ഉപയോഗിക്കാൻ സാധിക്കില്ല.

തിരക്കഥ നൽകി മൂന്ന് വർഷം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് എം ടി വാസുദേവൻ നായർ തിരക്കഥ തിരികെ അവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ തിരക്കഥയുടെ ചിത്രീകരണം ആരംഭിക്കാത്തതിൽ എംടി അതൃപ്തി അറിയിച്ചിരുന്നു.

രണ്ടാമൂഴം ചലച്ചിത്രമാക്കുന്നത് സംബന്ധിച്ച് നടക്കുന്ന കേസില്‍ ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി നേരത്തെ തള്ളിയിരുന്നു. മധ്യസ്ഥന്റെ ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകട്ടെയെന്നും കോടതി അറിയിക്കുകയായിരുന്നു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിക്കും കോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ പലതവണ ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook