കോഴിക്കോട്: ‘രണ്ടാമൂഴം’ തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്കിയ കേസില്‍ മധ്യസ്ഥനെ (ആര്‍ബിട്രേറ്റര്‍) നിയോഗിക്കണമെന്നായിരുന്നു സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ആവശ്യം. തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞുള്ള വിധിയും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ, ഇതേ ആവശ്യം കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതിയും തള്ളിയിരുന്നു.
കരാര്‍ കലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് ശ്രീകുമാര്‍ മോനോനെ എതിര്‍കക്ഷിയാക്കി എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. തിരക്കഥ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.
കരാര്‍ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്തതിനാല്‍ രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്നായിരുന്നു എം.ടിയുടെ ആവശ്യം. എന്നാല്‍, മധ്യസ്ഥനെ നിയോഗിച്ച് പരിഹാരം കാണണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് എംടി എതിര്‍ഹര്‍ജിയും നല്‍കിയിരുന്നു.