ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. എംടിയുടെ രണ്ടാമൂഴം എന്ന നോവല്‍ അതേ പേരില്‍ തന്നെ സിനിമയാക്കുന്നത് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നും 2018 ജനുവരി 19 മുതല്‍ താന്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ആയിരം കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങള്‍ കേരളത്തില്‍ ഇടംപിടിച്ചിരുന്നു. ആയിരം കോടി ബജറ്റ്, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഭീമനായി എത്തുന്നു, വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധായകന്‍, ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കള്‍, ലോക സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഇങ്ങനെ സിനിമയുടെ പ്രത്യേകതകള്‍ പലതാണ്. പക്ഷേ, നമ്മള്‍ മലയാളികള്‍ക്ക് ഈ സിനിമ അഭിമാനമാകുന്നതിനുള്ള പ്രധാന ഘടകം എം.ടി.വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനും സിനിമക്ക് ആസ്പദമായ ‘രണ്ടാമൂഴം’ എന്ന നോവലുമാണ്.

എംടി തന്നെയാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയ്ക്കായി നോവലില്‍ നിന്ന് വെട്ടിമാറ്റലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ചെയ്തിട്ടില്ലെന്ന് എംടി വ്യക്തമാക്കി. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ എസ്.ജയചന്ദ്രന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍ രണ്ടാമൂഴം തിരക്കഥയാക്കിയ അനുഭവത്തെക്കുറിച്ച് എംടി സംസാരിക്കുകയുണ്ടായി. രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം വേണ്ടി വന്നു എന്നാണ് എംടി പറഞ്ഞത്.

മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുക. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ