അബുദാബി: പ്രവാസി വ്യവസായിയും മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘രണ്ടാമൂഴ’ത്തിന്റെ നിർമാവുമായ ഡോ.ബി.ആർ.ഷെട്ടിയുടെ അഭിനയം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പണമിറക്കി ബിസിനസ് ചെയ്യാൻ മാത്രമല്ല, ‘മികച്ച’ അഭിനയം കാഴ്ചവെക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഷെട്ടി. മാതൃഭാഷയായ കന്ന‍ഡയിലിറങ്ങിയ ചിത്രത്തിലെ പാട്ടുരംഗങ്ങളിലാണ് ഷെട്ടി തകർത്തഭിനയിച്ചത്.

കന്നഡയിലെ പ്രശസ്ത സംവിധായകൻ കുഡുലു രാമകൃഷ്ണ സംവിധാനം ചെയ്ത ‘മാർച്ച് 22’ എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലാണ് ഷെട്ടി അഭിനയിക്കുന്നത്. പച്ചനിറത്തിലുള്ള ഷാൾ തലയിൽകെട്ടി, കുർത്ത ധരിച്ച്, ദഫ് മുട്ടി പാട്ടുപാടുന്ന സൂഫി ഗായകനായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. യാ അലീ.. എന്നു തുടങ്ങുന്ന ഗാനം ഇതിനകം കർണാടകയിൽ ഹിറ്റാണ്.

ദുബായ് ആസ്ഥാനമായി ബിസിനസ് നടത്തുന്ന സുഹൃത്ത് ഹരീഷ് ഷെരിഗാറിന്റെ നിർബന്ധമാണ് ചിത്രത്തിലഭിനയിക്കാൻ ഒരു കാരണമെന്ന് ഷെട്ടി പറഞ്ഞു. സമൂഹത്തിന് മികച്ച സന്ദേശം നൽകുന്ന ചിത്രമാണ് മാർച്ച് 22. ഇരുവിഭാഗങ്ങൾ തമ്മിൽ വെള്ളത്തിന്റെ പേരിലുണ്ടാകുന്ന തർക്കവും സ്നേഹബന്ധത്തിലുണ്ടാക്കുന്ന വിള്ളലുമാണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച് 22 ലോക ജല ദിനമായതിനാലാണ് ചിത്രത്തിന് ആ പേര് നൽകിയത്.

നേരത്തെ 2011 തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ചുള്ള ട്രാവൻകൂർ:എ സാഗ ഓഫ് ബെനവലൻസ് എന്ന ഡോക്യുമെന്ററിയിൽ ധർരാജയായി അദ്ദേഹം വേഷമിട്ടിരുന്നു. അബുദാബി ആസ്ഥാനമായുള്ള എൻഎംസി ഹെൽത്ത് കെയറിന്റെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാനാണദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ