scorecardresearch
Latest News

രണ്ടാംമൂഴം: എംടി കാരണം നഷ്ടമായത് കോടികള്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി എ ശ്രീകുമാർ കോടതിയിൽ

ചെലവാക്കിയ മുഴുവൻ തുകയും പലിശയും ഉൾപ്പെടെ 20 കോടി രൂപയാണ് ശ്രീകുമാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്

Randamoozham, M T Vasudevan Nair, Randamoozham film, Randamoozham movie, m t vasudevan nair, m t vasudevan nair books, m t vasudevan nair novels, m t vasudevan nair films, m t vasudevan nair dialogues, m t vasudevan nair movies, m t vasudevan nair mohanlal, b r shetty, Mahabharata Malayalam Movie budget, രണ്ടാമൂഴം, രണ്ടാമൂഴം സിനിമ, രണ്ടാമൂഴം മഹാഭാരതം, മഹാഭാരതം സിനിമ, മഹാഭാരതം മോഹന്‍ലാല്‍, എം ടി വാസുദേവന്‍‌ നായര്‍, എം ടി വാസുദേവന്‍‌ നായര്‍ സിനിമ, എം ടി വാസുദേവന്‍‌ നായര്‍ നോവല്‍, എം ടി വാസുദേവന്‍‌ നായര്‍ കഥകള്‍, എം ടി വാസുദേവന്‍‌ നായര്‍ തിരക്കഥ, എം ടി വാസുദേവന്‍‌ നായര്‍ മോഹന്‍ലാല്‍, എം ടി വാസുദേവന്‍‌ നായര്‍ മഹാഭാരതം, , ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പാലക്കാട്: ‘രണ്ടാമൂഴം’ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ വാദവുമായി സംവിധായകൻ വിഎ ശ്രീകുമാർ. എംടി മൂലം കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും സിനിമയ്ക്ക് വേണ്ടി മുടക്കിയ ചെലവും നഷ്ടവും തിരക്കഥാകൃത്തായ എംടി വാസുദേവൻ നായർ നികത്തണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി ആണെന്നും ശ്രീകുമാർ പത്രക്കുറിപ്പിൽ പറയുന്നു.

1.25 കോടി രൂപ എംടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ കരാറിൽ എംടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന്‍ തോമസിനും ഇതുവരെയായി നല്‍കിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. രണ്ട് കോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ ‘രണ്ടാമൂഴം’ പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി 12.5 കോടി രൂപയും താൻ ചെലവാക്കിയിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. ചെലവാക്കിയ മുഴുവന്‍ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

ആദ്യം കരാര്‍ ലംഘിച്ചത് എംടി യാണെന്ന് സംവിധായകൻ ആരോപിക്കുന്നു. നിർമാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എംടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിന് ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ആരംഭിക്കാന്‍ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് എംടി സമയം തെറ്റിച്ചു എന്ന വാദം മുന്‍നിര്‍ത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതുവരെ എംടിയെ വിശ്വസിച്ച് പണമിറക്കുകയും ‘രണ്ടാമൂഴം’ എന്ന തിരക്കഥയെ ഒരു പരിപൂർണ പ്രോജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം ഇതുവഴി വെറുതെയായി പോയെന്നും ശ്രീകുമാർ പറയുന്നു.

യാതൊരു വിധ മുന്നൊരുക്കങ്ങളും സംവിധായകൻ ചെയ്തില്ലെന്നും ഈ സിനിമയില്‍ പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ല എന്നുമുള്ള എംടിയുടെ വാദം തെറ്റാണെന്നും ശ്രീകുമാര്‍ നോട്ടീസില്‍ പറയുന്നു. ഡോ. ബി ആര്‍ ഷെട്ടി ‘രണ്ടാമൂഴം’ ആസ്പദമാക്കിയുള്ള സിനിമ ശ്രീകുമാറുമായി അബുദാബിയില്‍ വെച്ച് പത്രസമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിക്കുകയും അതില്‍ എംടി ഈ പ്രോജക്ട് ഫലപ്രാപ്തിയിലായതിലുള്ള സന്തോഷം വീഡിയോ ബൈറ്റിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാര്‍ ഒപ്പിടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് എംടി കേസുമായി കോടതിയില്‍ പോയത്. ഇതിന് ശേഷം ബി ആര്‍ ഷെട്ടി നടത്തിയ പ്രസ്താവനകളില്‍ സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള കേസിന്റെ കാരണം കൊണ്ടാണ് താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാമത് രംഗത്തു വന്ന നിക്ഷേപകനായ എസ് കെ നാരായണനും ഈ കേസ് ചൂണ്ടികാണിച്ചാണ് പിന്മാറിയത്. നിക്ഷേപകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല, മുന്നൊരുക്കങ്ങള്‍ നടത്തിയില്ല തുടങ്ങി എംടി ഉന്നയിച്ച വാദങ്ങള്‍ അതിനാല്‍ ശരിയില്ലെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു. എംടിയുടെ ആവശ്യ പ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥ ശ്രമത്തില്‍ ശ്രീകുമാര്‍ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബര്‍ പ്രതനിധികളുടെ മുന്‍പാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എംടി യുടെ മകള്‍ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കുകയും അവര്‍ക്കത് ബോധ്യപ്പെടുകയും ചെയ്തതാണെന്നും ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റുകയാണുണ്ടായത്. ‘രണ്ടാമൂഴം’ എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ള കുറേ ശക്തികളുടെ തെറ്റായ പ്രചരണത്തില്‍ എംടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണമെന്നും ശ്രീകുമാർ പറയുന്നു.

കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വി എ ശ്രീകുമാര്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എംടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എംടി കേസുമായി മുന്നോട്ടു പോയതിന് ശേഷമുണ്ടായ ഒറ്റതിരിഞ്ഞ ആക്രമണത്തിലും സാമൂഹികവും സാമ്പത്തികവുമായി നേരിട്ട ബുദ്ധിമുട്ടുകളിലും തനിക്ക് മനംമടുത്തെന്നും ശ്രീകുമാര്‍ വാർത്താകുറിപ്പില്‍ പറയുന്നു.

Read more: രണ്ടാമൂഴം’ സിനിമ അടഞ്ഞ അധ്യായം: ബി.ആർ.ഷെട്ടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Randamoozham leagal notice issued to mt vasudevan nair shrikumar