ഇന്ത്യ കണ്ട​ ഏറ്റവും വലിയ സിനിമ എന്ന വിശേഷണം അന്വർത്ഥമാക്കി, 1000 കോടി ബജറ്റിൽ ആരംഭിക്കാനിരിക്കുന്ന ‘രണ്ടാമൂഴം’ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് സംവിധായകൻ ശ്രീകുമാർ മേനോൻ, എം.ടി.വാസുദേവൻനായരെ കണ്ടു. ഞായറാഴ്ച രാത്രി എംടിയുടെ വീട്ടിലെത്തി ശ്രീകുമാർ മേനോൻ കൂടിക്കാഴ്ച നടത്തി.

“സിനിമ എപ്പോൾ തുടങ്ങും, എന്ന് പൂർത്തീകരിക്കും തുടങ്ങിയ കാര്യങ്ങളിലായിരുന്നു എംടിയ്ക്ക്​ ആശങ്ക ഉണ്ടായിരുന്നത്, അത്തരം കാര്യങ്ങൾ എംടിയുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. കേസ് നിയമയുദ്ധമായി മാറില്ല. അദ്ദേഹത്തിന് കൊടുത്ത വാക്ക് നിറവേറ്റും. ‘രണ്ടാമൂഴം’ സിനിമയാക്കും,” എംടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീകുമാർ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“വളരെ സൗഹാർദ്ദപരമായിരുന്നു കൂടിക്കാഴ്ച. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഞാനദ്ദേഹത്തെ കാണുന്നത്. മുൻപ് റെഗുലർ ബ്രീഫിംഗ് ഉണ്ടായിരുന്നു അദ്ദേഹവുമായി. എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയ്ക്ക് ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. ഒടിയന്റെ വിശേഷങ്ങളും അദ്ദേഹവുമായി പങ്കുവച്ചു. രണ്ടാംമൂഴം സിനിമയുടെ അപ്ഡേ്റ്റ് കൊടുത്തു, എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് വിശദീകരിച്ചു നൽകി. പ്രൊജക്റ്റ് ‘റെഡി റ്റു സ്റ്റാർട്ട്’ സ്റ്റേജിലാണ്.

2018 ഓഗസ്റ്റിൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങി, 2020 ൽ ഇത് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ബി.ആർ.ഷെട്ടി ഒരു ടെക്നിക്കൽ മീറ്റ് കഴിഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു. ദുബായിൽ 2020 ൽ ഒരു വേൾഡ് എക്സ്പോ നടക്കുന്നുണ്ട്. ആ എക്സ്പോയിൽ വേൾഡ് പ്രീമിയർ ചെയ്യണം ​എന്നൊക്കെ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. പ്രൊജക്റ്റിന്റെ ജോലികൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോവുന്നത്. അത് എംടിയെ കൃത്യമായി അറിയിക്കാൻ കഴിഞ്ഞില്ല എന്നതാണ് എന്റെ ഭാഗത്തു നിന്നു വന്ന വീഴ്ച. അദ്ദേഹത്തെ കണ്ട് ഏതാണ്ട് ഒരു മണിക്കൂറോളം സംസാരിച്ചു, കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. നീരസമോ ദേഷ്യമോ ഒന്നുമില്ലാതെ പഴയ സ്നേഹത്തോടെ തന്നെയാണ് അദ്ദേഹം സംസാരിച്ചത്. എല്ലാം നല്ലപോലെ തന്നെ നടക്കും. അദ്ദേഹത്തിനു പണ്ടു കൊടുത്ത വാക്കും ഇപ്പോൾ കൊടുത്ത വാക്കും എന്തായാലും പാലിക്കും,” ശ്രീകുമാർ മേനോൻ പറയുന്നു.

“ഇപ്പോൾ ഇത് കോടതിയുടെ പരിധിയിലുള്ള വിഷയമാണ്. പക്ഷേ ഇതൊന്നും വലിയ പ്രശ്നമാവുമെന്നോ, നിയമയുദ്ധത്തിലേക്ക് പോകുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല. നിലവിലെ പ്രശ്നങ്ങൾ ഉടനെ തീരും എന്നെനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്,” ശ്രീകുമാർ മേനോൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ ‘രണ്ടാമൂഴ’ത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന പ്രഖ്യാപനവുമായി എംടി രംഗത്ത് വന്നത്. ചിത്രം അകാരണമായി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു എംടി നിയമനടപടികളുമായി മുന്നോട്ടുപോയത്. കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു ഹര്‍ജിയും നല്‍കിയിരുന്നു. മുന്‍‌കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ്‌ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എംടി അറിയിച്ചിരുന്നു. ആ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ശ്രീകുമാർ മേനോനും എംടിയുമായുള്ള കൂടിക്കാഴ്ച.

ശ്രീകുമാർ മേനോനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എംടി ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. നിയമനടപടികളിൽ നിന്ന് പിന്മാറി തിരക്കഥ ശ്രീകുമാർ മേനോനു തന്നെ എംടി തിരിച്ചു നൽകുമോ എന്ന ആകാംക്ഷയിലാണ് ‘രണ്ടാമൂഴ’മെന്ന ബ്രഹ്മാണ്ഡചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook