ന്യൂഡൽഹി: ‘രണ്ടാമൂഴം’ തിരക്കഥയുമായി ബന്ധപ്പെട്ട് എംടി വാസുദേവൻ നായരും സംവിധായകൻ വിഎ ശ്രീകുമാറും തമ്മിലുള്ള ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. എംടിയുടെ നോവലായ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്കാരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ‘രണ്ടാമൂഴം’ തിരക്കഥയ്ക്കുമേല്‍ എംടിക്കായിരിക്കും പൂര്‍ണ അവകാശം. തിരക്കഥ ശ്രീകുമാര്‍ എംടിക്ക് തിരിച്ചുനല്‍കുകയും വേണം. ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി സിനിമയെടുക്കാൻ ശ്രീകുമാറിനു കഴിയില്ലെന്നും ഒത്തുതീർപ്പ് വ്യവസ്ഥയിൽ വ്യക്തമാക്കുന്നു.

രണ്ടാമൂഴം ചലച്ചിത്രമാക്കാനുള്ള നടപടികളുടെ ഭാഗമായി ശ്രീകുമാർ അഡ്വാൻസ് ആയി നൽകിയ പണം എം ടി തിരികെ നൽകും. ഒന്നേകാല്‍കോടി രൂപയാണ് എം ടി തിരികെ നൽകേണ്ടത്.

Read More: രണ്ടാമൂഴം: സംവിധായകന്‍ ശ്രീകുമാറിനെതിരെ എംടി സുപ്രീം കോടതിയില്‍

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാറിനെ തടയണമെന്ന് ആവശ്യപ്പെട്ട് എംടി  കഴിഞ്ഞവർഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിരക്കഥയുമായി ബന്ധപ്പെട്ട എം.ടി.വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾ ഈ വർഷം ഫെബ്രുവരിയിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ശ്രീകുമാർ നൽകിയ ഹർജിയെ തുടർന്നായിരുന്നു നടപടി.

എംടി കാരണം കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും സിനിമയ്ക്കുവേണ്ടി മുടക്കിയ പണവും നഷ്ടവും തിരക്കഥാകൃത്തായ എം.ടി.വാസുദേവൻ നായർ നികത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു വി.എ.ശ്രീകുമാർ കോടതിയെ സമീപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി ആണെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു.

Read More: രണ്ടാമൂഴം: എം.ടി.വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ

2014ല്‍ ആയിരുന്നു ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പുവച്ചത്. കരാർ പ്രകാരമുള്ള നിർദിഷ്ട സമയം കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരഭിക്കാതിരുന്നതോടെയാണു ശ്രീകുമാറിൽനിന്നു തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook