ആലിയ ഭട്ടും രൺബീർ കപൂറും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. മറ്റു താരങ്ങളെ പോലെ പ്രണയം നിഷേധിക്കാനോ സുഹൃത്തുക്കൾ മാത്രമാണെന്ന് പറയാനോ ഇരുവരും മുതിർന്നില്ല. ഇഷ്ടമാണെന്ന വിവരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ആലിയ രൺബീർ പ്രണയത്തിന്റെ പുതിയ വാർത്തകൾക്കായി ആരാധകരും കാതോർത്തിരിക്കുകയാണ്.

ഇതിനുളള ഒരു ചോദ്യമാണ് ഒരു അഭിമുഖത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ രണ്‍ബീറിനോട് ചോദിച്ചത്. ‘സിംഗിള്‍ ആണോ’ എന്ന ചോദ്യത്തിന്, ‘ഞാന്‍ സിംഗിള്‍ അല്ല, ഒരിക്കലും അങ്ങനെ ആവുകയും ഇല്ല’, എന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. എന്നാല്‍ ആലിയ ഭട്ടാണ് തന്റെ കാമുകിയെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആലിയയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ശ്രദ്ധേയമാണ്.

‘നിങ്ങളുടെ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് റാസി (സമ്മതം) ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആലിയയുടെ പുതിയ ചിത്രമായ ‘റാസി’ അദ്ദേഹം മനപ്പൂര്‍വ്വം മറുപടിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാനും ഇത്തരത്തിലൊരു മറുപടി പറഞ്ഞിരുന്നു. അന്ന് ഐശ്വര്യ റായിയുമായി അദ്ദേഹം പ്രണയത്തിലാണെന്ന കിംവദന്തികള്‍ പരന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. 2015ല്‍ ‘ജസ്ബ’ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന്റെ പ്രചാരണത്തിനായി ബിഗ് ബോസ് 9ല്‍ ഐശ്വര്യ വരുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തക ചോദിച്ചത്.

അന്ന് പരിഹാസത്തോടെയായിരുന്നു സല്‍മാന്റെ മറുപടി. ‘പിആര്‍ മൈക്ക് വാങ്ങി കൊണ്ടു പോകും മുമ്പുളള അവസാന ചോദ്യമായിരുന്നു ഇത്. ഈ മാഡത്തിന് വേണ്ടി എല്ലാവരും ഒന്ന് കൈയടിക്കണം. എന്തൊരു ജസ്ബാത്തി (വൈകാരികമായ) ചോദ്യമാണ് അവര്‍ ചോദിച്ചത്’, സല്‍മാന്‍ അന്ന് പറഞ്ഞു.

എന്നാല്‍ രണ്‍ബീര്‍ ആലിയയുമായുളള പ്രണയത്തെ കുറിച്ചേ നേരത്തേ തുറന്നുപറഞ്ഞിട്ടുണ്ട്. ആലിയ വന്നതോടെ പോസിറ്റീവ് മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് രൺബീർ കപൂർ പറയുന്നത്. ഇപ്പോൾ ഞങ്ങൾ രണ്ടാളും ചേർന്ന് ഒരു സിനിമ ചെയ്യുകയാണ്. അഭിനേത്രിയെന്ന നിലയിലും ആലിയയെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്. അവളുടെ ഉള്ളിലുള്ള നിറങ്ങളും ആത്മ ശക്തിയും കാണാൻ സാധിക്കുന്നുണ്ട്. ആലിയയ്ക്ക് തന്റേതായ ചിട്ടയും ദിശാബോധവുമുണ്ടെന്നും രൺബീർ പറഞ്ഞു.ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ ബന്ധം തുടങ്ങിയിരിക്കുന്നത്. പുതിയ ആൾ, പുതിയ താളങ്ങൾ, പുതിയ ജീവിത രീതികൾ എല്ലാം കഴിഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് കൂടാതെ ജീവിതത്തിൽ ഒരു പക്വത വന്നതു പോലെ തോന്നുന്നതായി യംഗ് ഹീറോ അഭിപ്രായപ്പെടുന്നു. ഇരുവരും എപ്പോൾ വിവാഹിതരാകുമെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

എത്രയും വേഗം അത് നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് രൺബീർ പറഞ്ഞു. എന്നാൽ, രണ്ടപേരുടെയും തിരക്കുകൾ ഒരു വിലങ്ങുതടിയായുണ്ട്. തങ്ങളുടെ സ്വകാര്യ ജീവിതം സിനിമയെ ഒരു തരത്തിലും ബാധിക്കരുത്. അതുകൊണ്ടു തന്നെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരാം. പ്രണയത്തിൽ അകപ്പെടുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് തനിയ്ക്ക് തോന്നുന്നതെന്നാണ് ആലിയ പറയുന്നത്. 2020 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കില്ലെന്ന് തീരുമാനിച്ചിരുന്നയാളാണ് ആലിയ. എന്നാൽ, ചിലപ്പോൾ ആ തീരുമാനം മാറ്റേണ്ടി വരുമെന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇരുവരുടെയും വീട്ടുകാർ വിവാഹം നടത്താൻ ഒരുക്കമാണെന്ന് അറിയിച്ചതായി ബോളിവുഡിൽ അണിയറ വർത്തമാനമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ