ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ വാര്‍ത്തകള്‍ക്ക് ആക്കം കൂടുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ദിവസം ജിക്യു മാഗസിന് നല്കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ തന്നെ ഇതു തുറന്നു സമ്മതിച്ചു. ഇപ്പോഴിതാ രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ ആലിയക്ക് പ്രത്യേക സമ്മാനവും നല്കിയിരിക്കുന്നു.
റിദ്ദിമ നല്കിയ ബ്രേസ്ലെറ്റ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ആലിയ തന്നെ ചേര്‍ത്തിട്ടുണ്ട്. പ്രശസ്ത ഡിസൈനറും ജുവലറി ഉടമയുമാണ് റിദ്ദിമ. ഡല്‍ഹിയിലെ ഏറ്റവും മികച്ച 25 സംരംഭകരില്‍ ഒരാളായി റിദ്ദിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതോടെ രണ്‍ബീറിന്റെയും ആലിയയുടേയും പ്രണയം കുടുംബവും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരസ്പരം ഇരുവര്‍ക്കുമുള്ള ആരാധന താരങ്ങള്‍ തന്നെ മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്.
‘ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ അഭിമുഖത്തില്‍ പറഞ്ഞു.
പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീര്‍ പറയുന്നു. ”പുതിയ കൗതുകങ്ങള്‍, പുതിയ വ്യക്തി, പുതിയ താളം, പഴയതെല്ലാം പുതിയതായി മാറുന്നു, കൂടുതല്‍ റൊമാന്റിക് ആകുന്നു. ഞാനിപ്പോള്‍ വളരെ ബാലന്‍സ്ഡ് ആണ്. ബന്ധങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കല്പ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്,” രണ്‍ബീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
സോനത്തിന്റെ വിവാഹ വിരുന്നില്‍ നവദമ്പതികളെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് രണ്‍ബീറും ആലിയയുമായിരുന്നു. ഇരുവരും ഒന്നിച്ച് എത്തിയതും കൈകോര്‍ത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തതുമൊക്കെ പാപ്പരാസികള്‍ ശരിക്കും ആഘോഷമാക്കിയിരുന്നു. ഒരു അഭിമുഖത്തില്‍ തനിക്ക് രണ്‍ബീറിനോട് ക്രഷ് ഉണ്ടെന്ന് ആലിയ തുറന്നു സമ്മതിച്ചിരുന്നു. പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയില് അഭിനയിക്കുന്നതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് താരങ്ങള്‍ ഒന്നിച്ച് വിവാഹ വിരുന്നിനെത്തിയത്.