രൺബീർ കപൂറിനെ പെണ്ണ് കെട്ടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് അമ്മ നീതു കപൂർ. ഗോസിപ്പ് കോളങ്ങളിൽ പാക്കിസ്ഥാൻ നടി മഹീറ ഖാനെ ചേർത്ത് രൺബീറിന്റെ പേര് നിറഞ്ഞതോടെ ഏതു വിധേനയും മകനെ വിവാഹം കഴിപ്പിക്കാനാണ് നീതു കപൂറിന്റെ ശ്രമം. പക്ഷേ അമ്മയ്ക്ക് പിടികൊടുക്കാൻ രൺബീർ എന്തായാലും തീരുമാനിച്ചിട്ടില്ലെന്നാണ് ബോളിവുഡ് അടക്കം പറച്ചിൽ.

ആരാധകരും രൺബീറിനോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. മുൻ കാമുകി ദീപിക പദുക്കോണും നടൻ രൺവീർ സിങ്ങും തമ്മിലുളള വിവാഹം ഉടൻ നടക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് രൺബീറിനോട് വിവാഹത്തെക്കുറിച്ചുളള ചോദ്യങ്ങൾ കൂടുതൽ ഉയർന്നത്. അടുത്തിടെ ട്വിറ്ററിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെ വിവാഹം കഴിക്കാൻ പ്ലാനൊന്നും ഇല്ലേയെന്ന് ഒരു ആരാധകൻ രൺബീറിനോട് ചോദിച്ചു. ഇതിനു ഞൊടിയിടയിൽ രൺബീറിന്റെ മറുപടിയെത്തി. ‘ആദ്യം ഞാനൊരു പെൺകുട്ടിയെ കണ്ടത്തെട്ടെ’ എന്നായിരുന്നു രൺബീർ മറുപടി നൽകിയത്.

രൺബീറിന്റെ ഈ വാക്കുകൾ അമ്മ നീതുവിന് ഏറെ ആശ്വാസം നൽകും. മഹീറ ഖാനുമായി മകൻ പ്രണയത്തിലല്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം. രണ്‍ബീറിന്റെയും മഹീറാ ഖാന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂര്‍ രംഗത്തെത്തി. ഇരുവരും പ്രണയത്തിലാണെങ്കിലോ പരസ്പരം കാണുന്നുണ്ടെങ്കിലോ മുംബൈയിലുള്ള ആളുകള്‍ അറിയുമെന്നും ഇത്തരം വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ