മുംബൈ: ബോളിവുഡിലെ എക്കാലത്തേയും ഹീറോ സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന രാജ് കുമാർ ഹിറാനി ചിത്രമാണ് ദത്ത്. ബി ടൗണിന്റെ റഫ് ആൻഡ് ടഫ് ഹീറോ ദത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ദത്തായി നമുക്കു മുന്നിലെത്തുന്നത് ബി ടൗണിന്റെ ചോക്ലേറ്റ് ഹീറോ രൺബീർ കപൂറാണ്.

ചോക്ലേറ്റ് ഹീറോ എന്ന ലേബലിലുള്ള രൺബീർ ദത്തായി വേഷമിടുമ്പോൾ ആ വേഷം രൺബീറിന്റെ കയ്യിൽ ഭദ്രമാണോ എന്ന ഒരു സംശയമുള്ളവര്‍ക്ക് മറുപടി എന്നവണ്ണമാണ് രണ്‍ബീറിന്റെ പുതിയ ലുക്ക് പുറത്തായിരിക്കുന്നത്.

സഞ്ജയ് ദത്തിന്റെ സമീപകാല രൂപത്തെ അനുസ്മരിക്കുന്ന വേഷപ്പകര്‍ച്ചയാണ് രണ്‍ബീറിന്. ഒറ്റനോട്ടത്തില്‍ അല്ല, സൂക്ഷിച്ച് നോക്കിയാലും ദത്ത് തന്നേയെന്ന് പറഞ്ഞ് പോകുന്നതാണ് പുതിയ ചിത്രം. നേരത്തേ സഞ്ജയ് ദത്തിന്റെ ആദ്യ കാല ചിത്രങ്ങളിലെ രൂപത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചിത്രവും പുറത്തുവന്നിരുന്നു.

‘ദത്ത്’ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ പുതിയ ലുക്ക്

ചിത്രത്തിനായി ആറു വ്യത്യസ്ത രൂപത്തിലും രൺബീർ എത്തുന്നുണ്ട്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രം റോക്കി മുതൽ ഖൽനായക്, മുന്നാ ഭായ് എം ബി ബി എസ് തുടങ്ങി സിനിമ ജീവിതത്തിലെ വ്യത്യസ്ത ഗെറ്റപ്പുകൾ രൺബീറിലൂടെ നമുക്ക് കാണാനാകും.

പരേഷ് രാവൽ, ദിയ മിർസ, സോനം കപൂർ, അനുഷ്ക ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. അഭിജിത്ത് ജോഷിയുടെ തിരക്കഥയില്‍ വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ