ഐശ്വര്യ റായിയ്ക്ക് ഒപ്പം നായകനായി രൺബീർ കപൂർ അഭിനയിച്ച ചിത്രമായിരുന്നു ‘യേ ദില്‍ ഹേ മുഷ്‍കിൽ’. ഐശ്വര്യയുമായി മുൻപു തന്നെ പരിചയമുണ്ടായിരുന്നെങ്കിലും ‘യേ ദില്‍ ഹേ മുഷ്‍കിൽ’ എന്ന ചിത്രത്തിൽ ഐശ്വര്യയ്ക്ക് ഒപ്പം അഭിനയിക്കുമ്പോൾ താനേറെ പരിഭ്രാന്തനും അസ്വസ്ഥനുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് രൺബീർ.
“എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ ഐശ്വര്യ എന്നെ സമാധാനിപ്പിച്ചു. കുട്ടികളെ പോലെ പെരുമാറാതെ വേഗം സീൻ നന്നായി ചെയ്യൂവെന്ന് എന്നോട് പറഞ്ഞു. അതാണ് എനിക്ക് ആത്മവിശ്വാസം തന്നത്. ഐശ്വര്യ ഒരിക്കലും താനൊരു വലിയ സ്റ്റാർ ആണെന്നോ സീനിയർ ആണെന്നോ ഉള്ള ഭാവം കാണിച്ചില്ല. സമകാലികനായ ഒരാൾക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു അത്,” രൺബീർ പറയുന്നു.
പിതാവ് ഋഷി കപൂർ സംവിധാനം ചെയ്ത ‘ആ അബ് ലോട്ട് ചലേൻ’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും രൺബീർ ജോലി ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിൽ നിന്നുള്ള ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.
ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു കരൺ ജോഹർ സംവിധാനം ചെയ്ത ‘യേ ദില്‍ ഹേ മുഷ്‍കിൽ’ . അനുഷ്ക ശർമ്മയായിരുന്നു ചിത്രത്തിലെ മറ്റൊരു നായിക. ഷാരൂഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.
Read more: ഇതെന്ത് പൊട്ടക്കഥയെന്ന് ഷാരൂഖ് വിധിയെഴുതിയ ചിത്രം ‘സൂപ്പർഹിറ്റ്’ ആയ കഥ