മാതാപിതാക്കളായി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരിക്കുകയാണ് താരങ്ങളായ റൺബീർ കപൂറും ആലിയ ഭട്ടും. അച്ഛനായതിന്റെ സന്തോഷവും, എങ്ങനെയാണ് ആലിയയും റൺബീറും മകൾക്കു വേണ്ടി ജോലി സമയം ബാലൻസ് ചെയ്തിരിക്കുന്നതെന്നുമൊക്കെ റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞിരുന്നു. ഇപ്പോഴും അച്ഛനായതു വിശ്വസിക്കാനാവുന്നില്ലെന്നും, ആ പദവി അനുഭവിക്കാൻ തുടങ്ങുന്നേയുള്ളൂ എന്നും റൺബീർ പറഞ്ഞു.
ബ്രൂട്ടിനു നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് ഇനി വർക്കുകളെല്ലാം പ്ലാൻ ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നിരുന്നു. അച്ഛനാവുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞാണ് റൺബീർ തന്റെ മറുപടി തുടങ്ങിയത്. മകളിലേക്ക് പകർന്നു നൽകേണ്ട മുല്യങ്ങളെക്കുറിച്ച് താനും ആലിയയും ചർച്ച ചെയ്യാറുണ്ടെന്നാണ് റൺബീർ പറഞ്ഞത്. “അനുകമ്പ, കരുണ, ബഹുമാനം അങ്ങനെ രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്” റൺബീർ പറഞ്ഞു.
ആലിയയും താനും വർക്കുകളിൽ നിന്ന് ഇടവേളയെടുത്ത് ഒരുമിച്ചായിരിക്കാൻ ശ്രമിക്കാറുണ്ടെന്നും താൻ അധികമായി വർക്ക് ചെയ്യാത്ത ആളാണെങ്കിലും ആലിയ നല്ല രീതിയിൽ വർക്കിനായി സമയം ചെലവഴിക്കാറുണ്ടെന്നും താരം പറയുന്നു.
“വർഷങ്ങളായി ഞാനും ആലിയയും പ്രണയിക്കുന്നു.പിന്നീട് ഭാര്യയും ഭർത്താവുമായി ഇപ്പോൾ ഒരു മകളുണ്ട്. സത്യത്തിൽ അച്ഛനായി എന്നത് എനിക്കു വിശ്വസിക്കാനായിട്ടില്ല. മകളെപ്പറ്റി പറയുമ്പോൾ ഞാൻ എപ്പോഴും ആലോചിക്കാം ഓ ഞാൻ ഒരു അച്ഛനായിയല്ലേ എന്നത്” റൺബീർ പറഞ്ഞു.
“അച്ഛനാകാൻ ഇത്ര വൈകിയതെന്തിനാണെന്ന് ഞാൻ ചിന്തിച്ചിരുന്നു.” തന്റെ ഏറ്റവും വലിയ പേടിയെക്കുറിച്ചും റൺബീർ വെളിപ്പെടുത്തുകയുണ്ടായി. തന്റെ കുട്ടികൾക്ക് 20 വയസ്സാകുമ്പോൾ റൺബീറിന് അന്ന് അറുപതായിരിക്കും പ്രായം, കുട്ടികൾക്കൊപ്പം ഓടാനും അവർക്കൊപ്പം കളിക്കാനുമൊക്കെ ആ പ്രായത്തിൽ സാധിക്കുമോ എന്നതാണ് റൺബീറിന്റെ ഭയം.
സന്ദീപ് റെഡ്ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ആനിമലാ’ണ് റൺബീറിന്റെ പുതിയ ചിത്രം. ശ്രദ്ധ കപൂറിനൊപ്പമുള്ള ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.