അനധികൃതമായി തന്റെ ചിത്രങ്ങൾ പകർത്തിയതിനെതിരെ ബോളിവുഡ് താരം ആലിയ ഭട്ട് രംഗത്തു വന്നിരുന്നു. വീടിന്റെ ലീവിങ്ങ് റുമിലിരിക്കുന്ന ആലിയയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രതിഷേധം അറിയിച്ച താരത്തെ സഹപ്രവർത്തകരും പിന്തുണച്ചു. ആലിയയുടെ ഭർത്താവും നടനുമായ റൺബീർ കപൂർ ഇതിനെതിരെ തങ്ങൾ നിയമപരമായ നീങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
മിസ്സ് മാലിനിയ്ക്കു നൽകിയ അഭിമുഖത്തിലാണ് റൺബീർ കാര്യങ്ങൾ വ്യക്തമാക്കിയത്. “ഞങ്ങളുടെ സ്വകാര്യത ലംഘിക്കുകയാണ് അതിന്റെ ഉദ്ദേശം. എന്റെ വീടിന്റെ അകം ചിത്രീകരിക്കാനുള്ള അവകാശം നിങ്ങൾക്കില്ല. വീടിന്റെയുള്ളിൽ എന്തും സംഭവിക്കാം, സംഭവിച്ചതൊന്നും ഞങ്ങൾക്കൊരിക്കലും അംഗീകരിക്കാനാകാത്തതാണ്. അതുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണ് ഞങ്ങൾ. എനിക്ക് അതിനെകുറിച്ച് കൂടുതൽ സംസാരിക്കാൻ താത്പര്യമില്ല കാരണം അതു വളരെ മോശമായ സംഭവമാണ്” റൺബീർ പറഞ്ഞു.
“പാപ്പരാസീകളെ ഞങ്ങൾ ബഹുമാനിക്കുന്നു. കാരണം ഈ ലോകത്തിന്റെ ഭാഗമാണ് അവർ. ഒരു പരസ്പര ധാരണയിലാണ് പാപ്പരാസികളും നമ്മളും മുന്നോട്ടു പോകുന്നത്. പക്ഷെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ ഒന്ന് മാറ്റി ചിന്തിച്ചു പോകും” റൺബീർ കൂട്ടിച്ചേർത്തു.
2022 നവംബർ ആറിനാണ് ആലിയ ഭട്ടിനും റൺബീർ കപൂറിനും മകൾ പിറന്നത്. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞ് ജനിച്ചതിനു ശേഷം ശരീര സംരക്ഷണത്തിന്റെ പാതയിലാണ് ആലിയ. വർക്കൗട്ട്, യോഗ എന്നിവ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.