സാവരിയ എന്ന ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ എന്ന നടനെ ബോളിവുഡിന് ലഭിച്ചത്. അവിടുന്നങ്ങോട്ട് കൈ നിറയെ ചിത്രങ്ങള്‍. ആ യാത്ര സഞ്ജുവില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ മികച്ച നടന്‍ എന്നാണ് ആളുകള്‍ രണ്‍ബീറിനെ വിളിക്കുന്നത്. മകനെക്കുറിച്ചുള്ള ഈ വാര്‍ത്ത അങ്ങേയറ്റം സന്തോഷമാണ് പിതാവ് ഋഷി കപൂറിന് നല്‍കുന്നത്.

ബെനെറ്റ് മീഡിയാ ഗ്രൂപ് മേധാവി വിനീത് ജെയ്‌നാണ് രണ്‍ബീറിനെ ഇന്ത്യയിലെ മികച്ച നടന്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. വിനീത് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ റീട്വീറ്റ് ചെയ്‌തുകൊണ്ട് നന്ദി പറയുകയാണ് ഋഷി കപൂര്‍. ഈ വാക്കുകള്‍ വലിയ അംഗീകാരമാണെന്നും, വിനീതിന്റെ അഭിപ്രായത്തില്‍ വിയോജിപ്പുള്ളവര്‍ ഉണ്ടാകാം, എങ്കിലും അദ്ദേഹം പറഞ്ഞത് തങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു താഴെ നിരവധി പേര്‍ വിനീത് ജെയ്‌നിന്റെ അഭിപ്രായം ശരിവച്ച് കമന്റുകള്‍ ചെയ്‌തിട്ടുണ്ട്. ഋഷി കപൂറിന്റെ മകന്‍ തീര്‍ച്ചയായും ആ പാരമ്പര്യം കാക്കുമെന്നും ഓരോ ചിത്രം കഴിയുന്തോറും രണ്‍ബീര്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വയ്‌ക്കുന്നുവെന്നും ബോളിവുഡില്‍ അദ്ദേഹത്തിന്റെ പ്രകടനത്തോട് താരതമ്യം ചെയ്യാന്‍ മറ്റൊരു നടനില്ലെന്നുമെല്ലാം ട്വിറ്റര്‍ യൂസര്‍മാര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് സഞ്ജയ് ദത്തും അഭിപ്രായപ്പെട്ടിരുന്നു.

ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും ആളുകളുടെ കൈയ്യടി നേടിയ സഞ്ജു, പുറത്തിറങ്ങിയ ദിവസം മുതല്‍ റെക്കോര്‍ഡ് കളക്ഷനാണ് വാരുന്നത്. ഇന്ത്യന്‍ സിനിമാസ്വാദകരുടെ പള്‍സ് തിരിച്ചറിഞ്ഞ സംവിധായകനാണ് താനെന്ന് സഞ്ജുവിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ് രാജ്കുമാര്‍ ഹിറാനി. ബോളിവുഡിലെ റോമിയോ ആയിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വിശുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായി ചിത്രത്തില്‍ പരകായപ്രവേശം നടത്തിയിരിക്കുകയാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

റിലീസ് ചെയ്‌ത് വെറും മൂന്ന് ദിവസം കൊണ്ട് 120.06 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയവസാനം നേടിയ കൂടുതല്‍ കളക്ഷനെന്ന സല്‍മാന്റെ റൈസ് 3, ബന്‍സാലിയുടെ പത്മാവത് എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് സഞ്ജു കടത്തിവെട്ടി. പത്മാവത് 114 കോടിയായിരുന്നു റിലീസ് ചെയ്‌ത ആഴ്‌ചയവസാനം നേടിയത്. റൈസ് 3 നേടിയത് 106 കോടിയും ആയിരുന്നു. ഇതാണ് സഞ്ജു പിന്നിലാക്കിയത്. മൂന്നാം ദിവസത്തെ കളക്ഷനില്‍ ചിത്രം ബാഹുബലിയേയും പിന്നിലാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ