ഒരു സമയത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രൺബീർ കപൂറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേർപിരിഞ്ഞത്. ബിഗ് സ്ക്രീനിലെ ഇരുവരുടെയും പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് കരുതിയ ആരാധകർക്ക് അത് താങ്ങാനാകാത്തതും കൂടിയായിരുന്നു.

വേർപിരിഞ്ഞ ഇരുവരും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നത് കാണാൻ കാത്തിരുന്നവർക്ക് അതിനും മുൻപേ സർപ്രൈസ് നൽകിയിരിക്കുകയാണ് രൺബീറും ദീപികയും. 3 വർഷങ്ങൾക്കുശേഷം ഇരുവരും ഒന്നിച്ച് റാംപിലെത്തി. രൺബീറിനെയും ദീപികയെയും റാംപിലെത്തിച്ചതിനുളള മുഴുവൻ ക്രെഡിറ്റും ബോളിവുഡിന്റെ സ്വന്തം ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കായിരുന്നു.

ഷബാന ആസ്മിയുടെ എൻജിഒ ആയ മിജ്‌വാൻ വെൽഫെയർ സൊസൈറ്റിയാണ് ഫാഷൻ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാൻ, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തർ, ഹുമ ഖുറേഷി, നഷ്റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങിയ ഒട്ടനവിധി ബി ടൗണിലെ താരങ്ങൾ പരിപാടിക്കെത്തി.

പാരമ്പര്യ തനിമയുളള രാജകീയ വസ്ത്രമണിഞ്ഞാണ് രൺബീറും ദീപികയും റാംപിലെത്തിയത്. വേർപിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു വേദികളിൽ പങ്കെടുക്കുകയോ സുഹൃത്തക്കളായി തുടരുകയോ ചെയ്യാത്ത രൺബീറും ദീപികയും കൈകോർത്ത് റാംപിൽ നടന്നത് ആരാധകർക്ക് കൗതുകവുമായി.

ബച്ച്ന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ തുടങ്ങിയ സിനിമകളിൽ രൺബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2014 ൽ നടന്ന മിജ്‌വാൻ ഫാഷൻ വീക്കിൽ ഇരുവരും ഒന്നിച്ച് റാംപിൽ എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ