ബോളിവുഡിന്റെ ഇഷ്ടജോഡികളായ ദീപിക പദുകോണും രൺബീർ കപൂറും നാലു വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. ലുവ് രഞ്ജന്റെ ഇതുവരെ പേരിടാത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2015 ൽ പുറത്തിറങ്ങിയ ഇംത്യാസ് അലിയുടെ ‘തമാഷ’യാണ് ദീപികയും രൺബീറും ഒന്നിച്ച് അഭിനയിച്ച ചിത്രം.

ആക്ഷൻ ത്രില്ലറാണ് ചിത്രമെന്നും ബോളിവുഡ് താരം അജയ് ദേവ്ഗണും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വാർത്ത ശരിയാണെന്നും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ ഇന്ത്യൻ​ എക്സ്‌പ്രസിനോട് പറഞ്ഞു.

ഇതുരണ്ടാമത്തെ തവണയാണ് അജയ് ദേവ്ഗണിനൊപ്പം രൺബീർ സ്ക്രീൻ ഷെയർ ചെയ്യുന്നത്. പ്രകാശ് ഝായുടെ ‘രാജ്‌നീതി’യിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ദീപിക അജയ് ദേവ്‌ഗണിന് ഒപ്പം അഭിനയിക്കുന്നത്. “ഞാനേറെ ബഹുമാനിക്കുന്ന നടനാണ് അജയ് സാർ.​ അദ്ദേഹത്തിനൊപ്പം വീണ്ടും വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷവും ആവേശവുമുണ്ട്. അദ്ദേഹത്തിന്റെ വർക്കുകൾ പ്രചോദിപ്പിക്കുന്നതാണ്. ലുവ് രഞ്ജനും ഞാനും ഒന്നിച്ച് വർക്ക് ചെയ്യണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നു. ഈ അസോസിയേഷൻ മികച്ചൊരു തുടക്കമാവട്ടെ,” പുതിയ ചിത്രത്തെ കുറിചച്ച് രൺബീർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ​ അഭിമുഖത്തിൽ പറഞ്ഞു.

‘പ്യാര്‍ കാ പഞ്ച്നാമ’ സീരീസിലുടെ പ്രശസ്തനായ ലുവ് രഞ്ജന്റെ അവസാനചിത്രം ‘സോനു കെ ടിട്ടു കി സ്വീറ്റി’ ആയിരുന്നു. ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

‘തമാഷ’, ‘യേ ജവാനി ഹേ ദിവാനി’, ‘ബച്ചനാ എ ഹസീനോ’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറുകയായിരുന്നു രൺബീറും ദീപികയും. ഇരുവരും പ്രണയത്തിലാവുകയും പിന്നീട് 2009ൽ ആ ബന്ധം വേർപ്പിരിയുകയും ചെയ്തു. പിരിഞ്ഞതിനു ശേഷവും നല്ല സൗഹൃദമാണ് ഇരുവരും തുടരുന്നത്. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കുകയും ഇരുവരുടെയും പങ്കാളികളോടൊത്ത് അവാർഡ് നിശയ്ക്ക് എത്തുകയുമൊക്കെ ചെയ്തിരുന്നു. എന്തായാലും, ഇഷ്ടജോഡികളെ വീണ്ടും ഒന്നിച്ച് സ്ക്രീനിൽ കാണാൻ സാധിക്കുന്ന ആവേശത്തിലാണ് ആരാധകരും.

Read more: അതെന്നെ അസ്വസ്ഥനാക്കുന്നില്ല; രൺബീർ- ദീപിക സൗഹൃദത്തെ കുറിച്ച് രൺവീർ സിംഗ്

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ചപ്പാക്കി’ൽ അഭിനയിക്കുകയാണ് ദീപിക ഇപ്പോൾ. ചിത്രത്തിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അതേസമയം, ‘ബ്രഹ്മാസ്ത്ര’, ‘ഷംഷേറ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് രൺബീർ ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook