‘തൂ ജൂത്തി മേൻ മക്കാർ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് റൺബീർ കപൂർ. ഒരു കോളേജിൽ പ്രമോഷന്റെ ഭാഗമായി എത്തിയ താരത്തെ സ്റ്റേജിലേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുന്ന ആരാധകന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
റൺബീറിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആരാധകന്റെ പ്രവർത്തി കണ്ട് ഞെട്ടിയെങ്കിലും സന്ദർഭം വളരെ ഭംഗിയായി തന്നെ താരം കൈകാര്യം ചെയ്‌തു. സ്റ്റേജിൽ നിന്ന് ആരാധകനെ മാറ്റുന്നതിനു മുൻപ് അദ്ദേഹത്തെ തിരിച്ചു കെട്ടിപിടിക്കുകയാണ് റൺബീർ ചെയ്‌തത്.
താരത്തിന്റെ പ്രവർത്തിയെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ റൺബീറിന്റെ സുരക്ഷയെ ആരാധകർ മാനിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഈ വർഷത്തെ റൺബീറിന്റെ ആദ്യ ചിത്രമാണ് ‘തൂ ജൂത്തി മേൻ മക്കാർ.’ മാർച്ച് എട്ടിനാണ് ചിത്രം റിലീസിനെത്തുന്നത്. ലവ് രഞ്ജനൊപ്പമുള്ള റൺബീറിന്റെ ആദ്യ ചിത്രമാണിത്. ശ്രദ്ധ കപൂർ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.