അന്തരിച്ച നടൻ ഋഷി കപൂറിനായി പ്രാർത്ഥനാ യോഗം നടന്നു. രൺബീർ കപൂറും നീതു കപൂറുമാണ് യോഗം സംഘടിപ്പിച്ചത്. പ്രാർഥനാ യോഗത്തിൽ അമ്മയും മകനും ഋഷി കപൂറിന്റെ മാല ചാർത്തിയ ഫോട്ടോയ്ക്ക് അടുത്തിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More: ഋഷി കപൂറിന് വിട നൽകി ബോളിവുഡ്; ചിത്രങ്ങൾ
ഋഷി കപൂറിന്റെ മകൾ റിദ്ദിമ കപൂർ സാഹ്നി ശനിയാഴ്ച വൈകുന്നേരമാണ് ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തിയത്. അതിനാൽ റിദ്ദിമയ്ക്ക് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 30 ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിൽ അച്ഛൻ മരിച്ചപ്പോൾ റിദ്ദിമ ഡൽഹിയിലായിരുന്നു. ലോക്ക്ഡൗൺ കാരണം പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മുംബൈയിലേക്ക് റോഡ് മാർഗം പോകാൻ അവർക്ക് അനുമതി ലഭിച്ചു. മകൾ സമാറയ്‌ക്കൊപ്പം ശനിയാഴ്ച മുംബൈയിലെത്തി.
രക്താർബുദവുമായുള്ള രണ്ടുവർഷത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ വ്യാഴാഴ്ച (ഏപ്രിൽ 30)യാണ് ഋഷി കപൂർ ലോകത്തോട് വിട പറഞ്ഞത്. നടന്റെ മൃതദേഹം ശവസംസ്കാരത്തിനായി ആശുപത്രിയിൽ നിന്ന് നേരിട്ട് ചന്ദൻവാടി ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കുറച്ച് പേരെ മാത്രമേ അനുവദിച്ചുള്ളൂ.
കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, അർമാൻ ജെയിൻ, ആധാർ ജെയിൻ, റിമ ജെയിൻ, മനോജ് ജെയിൻ, രൺധീർ കപൂർ, രാജീവ് കപൂർ, കുനാൽ കപൂർ എന്നിവരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.