Ranbir Kapoor-Alia Bhatt wedding: അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ.
ഇപ്പോഴിതാ, വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ആലിയയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.
ഐവറി നിറമുള്ള ഒർഗൻസ സാരിയായിരുന്നു ആലിയയുടെ വിവാഹവേഷം. എബ്രോയിഡറി വർക്കുള്ള ടിഷ്യു ഷാളും വിവാഹവേഷത്തിന് മോടി കൂട്ടി. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികളാണ് ആലിയ അണിഞ്ഞത്. ആലിയയുടെ വസ്ത്രവുമായി ഇണങ്ങുന്ന ഐവറി നിറത്തിലുള്ള സിൽക്ക് ഷെർവാണിയായിരുന്നു രൺബീറിന്റെ വേഷം. സരി മറോറി എബ്രോയിഡറി വർക്കുള്ള ഷാളും സിൽക്ക് ഒർഗൻസ സഫയും രൺബീർ അണിഞ്ഞിരുന്നു. അൺകട്ട് ഡയമണ്ട്, എമറാൾഡ്, പേൾസ് എന്നിവ കോർത്തിണക്കി സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി രൺബീറും അണിഞ്ഞിരുന്നു.














രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ എന്നു തുടങ്ങി ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ബുധനാഴ്ച ഹൽദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രൺബീറിന്റെ വാസ്തു എന്ന വീട്ടിൽ വച്ചായിരുന്നു മെഹന്ദി- ഹൽദി ആഘോഷങ്ങൾ. കരീന കപൂർ, കരിഷ്മ, കരൺ ജോഹർ തുടങ്ങിയവർ ആഘോഷങ്ങൾക്കായി എത്തിയിരുന്നു. സംഗീതജ്ഞന് പ്രതീക് കുഹാദ് മെഹന്ദി ചടങ്ങിൽ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു. സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മിക്കി കോൺട്രാക്റ്ററാണ് വധൂവരന്മാരെ വിവാഹത്തിനു വേണ്ടി സ്റ്റെൽ ചെയ്തതെന്നാണ് റിപ്പോർട്ട്.