ഈ വർഷമാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അവരുടെ വിവാഹം, രൺബീർ ആലിയയോട് പ്രണയാഭ്യർത്ഥന നടത്തിയ നിമിഷം തുടങ്ങിയവയുടെ ഇതുവരെയും കാണാത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഫാൻസ് പേജുകളിലൂടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. ‘ബ്യൂട്ടിഫൂൾ’, ‘അഡോറബിൾ’ എന്നെല്ലാം കുറിച്ചാണ് ആരാധകർ ചിത്രങ്ങൾ പങ്കുവച്ചത്. “അവർ ഭാഗ്യം ചെയ്‌തവരാണ് കാരണം പരസ്‌പരം നല്ല ചേർച്ചയുണ്ട്” എന്നാണ് ഒരു ആരാധകൻ കുറിച്ചത്. “എപ്പിക്ക്” എന്നാണ് മറ്റൊരാൾ പറഞ്ഞത്.
2022 നവംബർ ആറിനാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ബോളിവുഡിലെ മിന്നും താരമായി തിളങ്ങി നിൽക്കുന്നതിനിടിയിലാണ് ആലിയയുടെ വിവാഹവും ഗർഭവും പ്രസവവും ഒക്കെ. വിവാഹിതയായി എന്ന കാരണത്താൽ സിനിമ ഉപേക്ഷിച്ചു പോവുകയോ കരിയർ ബ്രേക്ക് എടുക്കുകയോ ചെയ്യില്ലെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ആലിയ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭകാലത്തും തന്റെ സിനിമകളുടെ പ്രമോഷൻ തിരക്കിലായിരുന്നു ആലിയ.
രൺബീറിനും ആലിയയ്ക്കും ഈ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്‌മാസ്‌ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി,’ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആലിയ ചിത്രങ്ങൾ.