സിനിമാ പ്രേമികള്‍ക്ക് വിഷു വെറും വിഷുവല്ല, ഒരു സിനിമാ ആഘോഷം തന്നെയാണ്. വിഷു ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ സങ്കടപ്പെടുത്തിക്കൊണ്ട് മൂന്നു ചിത്രങ്ങള്‍ എത്തില്ലെന്ന വാര്‍ത്ത പുറത്തുവരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന രണവും ടൊവിനോയുടെ തീവണ്ടിയും അല്‍ഫോന്‍സ് പുത്രന് നിര്‍മിക്കുന്ന തൊബാമയും വിഷുവിന് തീയേറ്ററുകളില്‍ എത്തും എന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്നു ചിത്രങ്ങളുടേയും റിലീസ് മാറ്റി എന്നതാണ് പുതിയ വിവരം.
മുംബൈ പൊലീസിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രമാണ് രണം. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘ഇവിടെ’യില്‍ ശ്യാമപ്രസാദിന്റെ അസിസ്റ്റന്റായിരുന്ന, ‘മണ്‍സൂണ്‍ മാംഗോസി’ല്‍ ചീഫ് അസോസിയേറ്റായിരുന്ന ആളാണ് സംവിധായകന് നിര്‍മല്‍ സഹദേവ്.
ശ്യാമപ്രസാദിന്റെ ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് ‘രണ’ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന് നേരത്തേ പറഞ്ഞിരുന്നു.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ടൊവിനോ നായകനാകുന്ന ചിത്രമാണ് തീവണ്ടി. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനി ടി.പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചെയിന്‍സ് സ്മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്.
‘പ്രേമം’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊബാമ. അല്‍ഫോന്‍സ് പുത്രന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൊഹ്സിന്‍ കാസിമാണ്. ‘പ്രേമ’ത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത ടീം തന്നെയാണ് തൊബാമയിലും എത്തുന്നത്. സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, മലയാളികളുടെ ആസ്ഥാന ‘കോഴി’ ഷറഫുദ്ദീന് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.